Kerala

എഎംആര്‍ വാരാചരണത്തില്‍ ശക്തമായ ബോധവത്ക്കരണ പരിപാടികള്‍; സ്കൂള്‍ അസംബ്ലികളില്‍ അവബോധ പ്രതിജ്ഞ

Spread the love

സംസ്ഥാനത്ത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടന്നു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് ആദ്യമായി ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം. എഎംആര്‍ സന്ദേശങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ ബ്ലോക്കുതല എഎംആര്‍ കമ്മിറ്റികളും രൂപീകരിച്ചു. എഎംആര്‍ കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കി. 2023ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക ദ്രുതകര്‍മ്മ പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതുകൂടാതെ ലോക എ.എം.ആര്‍ അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ശക്തമായ ബോധവത്ക്കരണത്തിനായി ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

നവംബര്‍ 18 മുതല്‍ 24 വരെയാണ് ലോക എഎംആര്‍ അവബോധ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ‘പ്രിവന്റിങ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ടുഗതര്‍’ എന്നതാണ് ഈ വര്‍ഷത്തെ തീം. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ നടത്തേണ്ടതാണ്. വകുപ്പുതല മീറ്റിംഗുകള്‍, ഐ.സി.ഡി.എസ് മീറ്റിംഗുകള്‍, ഇമ്മ്യൂണൈസെഷന്‍ സെഷനുകള്‍, എന്‍.സി.ഡി. ക്ലിനിക്കുകള്‍, ആരോഗ്യ മേളകള്‍, ആരോഗ്യ സ്ഥാപനങ്ങളിലെ ഒ.പി. വിഭാഗം തുടങ്ങി ഉപയോഗപ്പെടുത്താവുന്ന മുഴുവന്‍ വേദികളും അവബോധത്തിനായി ഉപയോഗിക്കണം.
ഏകാരോഗ്യ സമീപനത്തില്‍ എഎംആര്‍ സംബന്ധിച്ച് ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലാ, ബ്ലോക്ക്, തദ്ദേശസ്ഥാപന തലങ്ങളില്‍ ക്ലാസുകളും യോഗങ്ങളും സംഘടിപ്പിക്കണം.
മാധ്യമങ്ങളും നവമാധ്യമങ്ങളും വഴിയും അവബോധ ക്യാമ്പയിന്‍ സംഘടിപ്പിക്കണം.
ആശുപത്രികളില്‍ ഒ.പി. വെയ്റ്റിംഗ് ഏരിയയിലും, ഫാര്‍മസി വെയ്റ്റിംഗ് ഏരിയയിലും എ.എം.ആര്‍. ക്യാമ്പയിന്റെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം.
മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ ലഭിക്കില്ലെന്ന് പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കണം.
എ.എം.ആര്‍. ക്യാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ കോളേജ് തലങ്ങളില്‍ എ.എം.ആര്‍. അവബോധ പ്രതിജ്ഞ സംഘടിപ്പിക്കണം.
എ.എം.ആര്‍. ക്യാമ്പയിന്‍ സംബന്ധിച്ച് ക്വിസ്, ചിത്രരചന, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുക.
നവംബര്‍ 24ന് ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍.’ ദിവസം ആചരിക്കുക. അതിനായി ഇളം നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും അതിന്റെ സന്ദേശം പ്രചരിപ്പിക്കുകയും വേണം.
എ.എം.ആര്‍. വാരാചരണ വേളയില്‍ തന്നെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ആന്റിബയോട്ടിക് സ്മാര്‍ട്ട് സ്ഥാപനമാക്കുന്നതിനും മാര്‍ഗ നിര്‍ദേശമനുസരിച്ചുള്ള പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് നടത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും എല്ലാ സ്ഥാപന മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.