അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം; ഇംഫാൽ വ്യോമപാത അടച്ചു, അതീവ ജാഗ്രത
മണിപ്പൂർ തലസ്ഥാനമായ ഇംഫാൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടർന്ന് ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു. പൊലീസും എയർപോർട്ട് അധികൃതരും കനത്ത ജാഗ്രതയിൽ.
ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നാണ് അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് വിവരം. സുരക്ഷാ ആശങ്ക മുൻനിർത്തിയാണ് വ്യോമപാത അടച്ചത്. വ്യോമപാത അടച്ചത്തോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇംഫാലിലേക്കും തിരിച്ചുമുള്ള ഏതാനും വിമാനങ്ങൾ റദ്ദാക്കി.
ചില ഇൻകമിംഗ് വിമാനങ്ങൾ ഇംഫാൽ വ്യോമാതിർത്തിയിൽ നിന്ന് തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ സർക്കാർ ഇന്റർനെറ്റ് നിരോധനം നവംബർ 23 വരെ നീട്ടിയതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം. പ്രദേശത്ത് പരിശോധന തുടരുന്നു.