‘നവ കേരള സദസ് അല്ല നാടുവാഴി സദസ്; യാത്ര കഴിഞ്ഞു വരുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വെക്കും’; വി.മുരളീധരൻ
നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതിൻറെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. ജനങ്ങളെ കാണാൻ പണ്ടുകാലത്ത് നാടുവാഴികൾ എഴുന്നള്ളുന്നത് പോലെയാണ് പിണറായിയുടെ നാടുവാഴി സദസെന്ന് വി മുരളീധരൻ പറഞ്ഞു.
ഈ യാത്ര കേരളത്തിലെ പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും സാമ്പത്തിക പ്രതിസന്ധികാലത്ത് നടത്തേണ്ട യാത്രയാണോ ഇതെന്ന് ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയുടെ കാര്യം ചോദിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയില്ല പെൻഷൻ കാര്യവും കർഷകരുടെ കാര്യവും ചോദിക്കുമ്പോൾ പ്രതിസന്ധിയാണെന്ന് പറയുന്നുവെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
ജനങ്ങളെ കാണിക്കാൻ പറ്റാത്ത അത്ര ആഡംബരമാണ് ബസ്സിനുള്ളിലെന്ന് മുരളീധരൻ പറഞ്ഞു. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ എല്ലാ മന്ത്രിമാരുടെയും വാഹനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞു വരുമ്പോൾ ബസ്സിനെ അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വെക്കുമെന്നും വി മുരളീധരൻ പറഞ്ഞു.
ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം.