കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള നാമനിര്‍ദേശം; അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പ്രതിഷേധം ശക്തം
കേരള ബാങ്ക് ഭരണസമിതിയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട പി അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ പ്രതിഷേധം. പി അബ്ദുല്‍ ഹമീദിനെ യൂദാസ് എന്ന് ആക്ഷേപിച്ച് മലപ്പുറം ലീഗ് ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പതിച്ചു. പാര്‍ട്ടിയെ വഞ്ചിച്ചെന്നും രാജി വെക്കണം എന്നുമാണ് ആവശ്യം. സഹകരണ മേഖലയിലെ സഹകരണം മാത്രമാണെന്നായിരുന്നു ലീഗ് എംഎല്‍എ പികെ ബഷീറിന്റെ പ്രതികരണം.
കേരള ബാങ്ക് ഭരണസമിതിയിലേക്കുള്ള പി അബ്ദുല്‍ ഹമീദിന്റെ പ്രവേശനം ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിലെ ഒരു വിഭാഗവും കടുത്ത അതൃപ്തിയുണ്ട്. ഇതാണ് പോസ്റ്ററിലൂടെ പ്രകടമായത്.പി അബ്ദുല്‍ ഹമീദ് യൂദാസ് ആണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നുമാണ് ആവശ്യം. ലീഗ് ഓഫീസ് ,കലക്ടറേറ്റ്, മലപ്പുറം ടൗണ്‍ പരിസരങ്ങളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വാര്‍ത്ത വന്നതോടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടു. ലീഗ് യുഡി എഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പികെ ബഷീര്‍ എംഎല്‍എ പ്രതികരിച്ചു
ലീഗിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ്, സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് ഹൈകോടതി പരിഗണിക്കാതെ മാറ്റിവെച്ചു.ലീഗ് എംഎല്‍എ യുഎ ലത്തീഫ് ആണ് പരാതിക്കാരന്‍. ഈ കേസ് ഒരു ഭാഗത്ത് നടക്കുമ്പോഴാണ് ഈ സഹകരണം. യുഡിഎഫുമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത് എന്ന ലീഗ് വാദം കോണ്‍ഗ്രസ് തള്ളിയിരുന്നു. ലീഗ് എല്‍ഡിഎഫിലേക്കുള്ള യാത്രയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
വിഷയം മുന്നണിക്കകത്ത് പുകയുകയാണ്. പരസ്യ പ്രതികരണങ്ങളിലേക്ക് തത്കാലം കടക്കേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇനി ചേരുന്ന യുഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകും.