മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ; ഇന്ത്യയുമായുള്ള കലാശപ്പോര് ഞായറാഴ്ച
ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് ജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇനി ഇന്ത്യയുമായാണ് ഓസീസിന്റെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് മടങ്ങേണ്ടി വന്നു ഇന്ത്യയ്ക്ക്. ഇപ്പോഴിതാ സ്വന്തം മണ്ണിൽ കണക്ക് തീർക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ ഇന്ത്യയ്ക്ക്.
ഈ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്ന് നടന്നത്. അഞ്ച് സെമി ഫൈനലുകളിലും ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ബാറ്റർമാരുടെ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഓസ്‌ട്രേലിയൻ ബൗളന്മാർക്ക് മികച്ച സ്വിംഗ് ആനുകൂല്യം ലഭിച്ചു. ഈ സ്വിംഗിനെ അതിജീവിക്കാൻ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാർക്ക് സാധിച്ചില്ല. നാല് വിക്കറ്റുകൾ അവർക്ക് തുടക്കത്തിൽ നഷ്ടമായി.
അതിന് ശേഷം അവരെ തിരിച്ചു കൊണ്ടു വന്നത് കില്ലർ മില്ലർ എന്നറിയപ്പെടുന്ന ഡേവിഡ് മില്ലറാണ്. ഡേവിഡ് മില്ലറുടേയും ഹെൻറിയുടേയും ഗംഭീര പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ ടോട്ടൽ നൽകിയത്.
മറുപടി ബാറ്റിംഗിൽ ട്രാവിസ് ഹെഡും ഡേവിഡ് വാർണറുമാണ് ഓസ്‌ട്രേലിയയുടെ ചെയ്‌സിന് അടിത്തറയിട്ടത്. ട്രാവിസ് ഹെഡ് അർധ സെഞ്ചുറി നേടിയാണ് പുറത്തായത്.