പണം തട്ടിയെന്ന വാർത്ത കളവാണെന്ന് പറയണമെന്ന് മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവ്; കള്ളം പറയില്ലെന്ന് കുട്ടിയുടെ പിതാവ്
ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെന്ന വാർത്തയ്ക്കെതിരെ ആരോപണവിധേയൻ മുനീർ. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവായ ഇദ്ദേഹം വാർത്ത കളവാണെന്ന് പറയണമെന്ന് കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ മറുപടിനൽകി.
കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ചാണ് ആരോപണവിധേയൻ ഇക്കാര്യം അഭ്യർത്ഥിച്ചത്. പണമിടപാട് വ്യക്തിപരമായ കാര്യമാണെന്ന് മാധ്യമങ്ങളോട് പറയാമായിരുന്നില്ലേ എന്നും മുനീർ ചോദിച്ചു. എന്നാൽ, ഇത് കുട്ടിയുടെ പിതാവ് തള്ളി.
മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. മുനീർ എന്നയാൾ 1.20ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു.
ആലുവയിൽ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുടുംബമാണ് കബളിപ്പിക്കപ്പെട്ടത്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിന്റെ ഭർത്താവ് മുനീർ തന്നെ പറ്റിച്ചു പണം തട്ടി എന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം. എന്നാൽ താനും ഭർത്താവും അവരിൽനിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് ആരോപണം എന്നറിയില്ലെന്നും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീർ 24 നോട് പറഞ്ഞു.
കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ പണത്തെ കുറിച്ച് പിതാവ് മുനീറിനോട് ചോദിച്ചിരുന്നു. എന്നാൽ മുനീർ ഇതിൽ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.