Friday, December 27, 2024
Latest:
Kerala

ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീണു, ബസ് നിര്‍ത്താതെ പോയി

Spread the love

പാലക്കാട് ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. മണ്ണാർക്കാട് നിന്ന് തെങ്കരയിലേക്ക് സർവീസ് നടത്തുന്ന ‘ശാസ്താ’ ബസിൽ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റത്. സംഭവ ശേഷം ബസ് നിര്‍ത്താതെ പോയെന്ന് വിദ്യാർത്ഥിനി ആരോപിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ചങ്ങലീരി സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മർജാനക്കാണ് പരിക്കേറ്റത്. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടെന്ന് ബസ് എടുക്കുകയും, താൻ വീണത് കണ്ടിട്ടും ബസ് നിർത്തിയില്ലെന്നും വിദ്യാർത്ഥിനി പറയുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകും.

നാട്ടുകാരാണ് കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്ക്. അമിതമായി യാത്രക്കാരെ കയറ്റുന്നതിന് ‘ശാസ്താ’ ബസിനെതിരെ നാട്ടുകാർ നേരത്തെ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്.