യുഡിഎഫ് വിചാരണ സദസ് ഡിസംബര്‍ 2 മുതൽ 22 വരെ
മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സിൽ അവർ ജനങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനും തകരുന്ന കേരളത്തിന്റെ നേർചിത്രം ജനമസമക്ഷം അവതരിപ്പിക്കാനുമായി യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്താൻ പോകുന്ന വിചാരണ സദസ്സുകൾ ഡിസംബർ 2 മുതൽ 22 വരെ തീയതികളിൽ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
സർക്കാരിനെതിരെയുള്ള യുഡിഎഫിന്റെ കുറ്റപത്രം അവതരിപ്പിച്ചുകൊണ്ട് സർക്കാരിന്റെ ദുർഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്നതാണ് സദസ്സിലെ പ്രധാന പരിപാടി ഡിസംബർ രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന 12 നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന വിചാരണ സദസ്സുകളോടെ പരിപാടി ആരംഭിക്കും. ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 6 മണി വരെയാണ് വിചാരണ സദസ്സ് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും.
പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നേമം മണ്ഡലത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും സ്പോർട്സ് മന്ത്രിയുടെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിർവഹിക്കും. തദ്ദേശ വകുപ്പ് മന്ത്രിയുടെ മണ്ഡലമായ തൃത്താലയിൽ രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു128 മണ്ഡലങ്ങളിലെ വിചാരണ സദസ്സുകൾ യുഡിഎഫ് എംപിമാരും എംഎൽഎമാരും പ്രമുഖ യുഡിഎഫ് നേതാക്കളും ഉദ്ഘാടനം നിർവഹിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസന്‍ അറിയിച്ചു.