കിങ് ഷോ: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി
ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ വമ്പൻ പ്രകടനവുമായി വിരാട് കോഹ്ലി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി മാറി. ന്യൂസിലൻഡിനെതിരേ 80 റൺസ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോർഡ് സ്വന്തം പേരിലായത്. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോലി മറികടന്നത്. കൂടാതെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലായി. എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്.
ഏഴു തവണ 50 കടന്ന സച്ചിൻ തെണ്ടുൽക്കർ, ഷാക്കിബ് അൽ ഹസ്സൻ എന്നിവരുടെ റെക്കോഡാണ് കോഹ്ലി മറികടന്നത്. ഏകദിന റൺനേട്ടത്തിൽ മുൻ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റൺസ് മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് വിരാട് കോഹ്ലി എത്തി. കോഹ്ലിക്ക് മുന്നിൽ കുമാർ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി ഉള്ളത്. ന്യൂസിലൻഡിനെതിരെ മികച്ച സ്കോറിലേക്കാണ് ടീം ഇന്ത്യ മുന്നേറുന്നത്.
38 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 275 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർ ശുഭ്മാൻ ഗിൽ 65 പന്തിൽ നിന്ന് 79 റൺസെടുത്തുനിൽക്കേ പേശീവലിവ് കാരണം ഗിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങിയിരുന്നു. മികച്ച തുടക്കം നൽകിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രകടനം സമർദമില്ലാതെ കളിക്കാൻ ടീമിന് തുണയായി. 29 പന്തിൽ നാല് വീതം സിക്സും ഫോറുമടിച്ച് രോഹിത് 47 റൺസടിച്ച് പുറത്താവുകയായിരുന്നു.