Kerala

മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ; സിപിഐഎമ്മിന്റെ വാദം പൊളിഞ്ഞു

Spread the love

തനിക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്ന സിപിഐഎമ്മിന്റെ വാദം പൊളിച്ച് അടിമാലിയിലെ മറിയക്കുട്ടി. സിപിഐഎം സൈബർ പേജുകളിലും, മുഖപത്രത്തിലും വന്ന വാർത്ത തെറ്റെന്ന് തെളിയിക്കുകയാണ് മറിയക്കുട്ടി. ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്നു സിപിഐഎമ്മിന്റെ വാദം.

മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി. ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ആയിരുന്നു മറിയക്കുട്ടിക്ക് എതിരായ സിപിഐഎം പ്രചാരണം. വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറയുന്നു.

Read Also: സിപിഐഎമ്മുകാര്‍ അപമാനിക്കുന്നു, ലക്ഷങ്ങളുടെ ആസ്തിയില്ല, വീടിനു കല്ലേറും: മറിയക്കുട്ടി

തന്റെ പേരിൽ സ്ഥലമുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നായിരുന്നു മറിയക്കുട്ടിയുടെ ആവശ്യം. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത ഇളയ മകൾക്ക് മുൻപേ എഴുതിക്കൊടുത്തതാണെന്നും തന്റെ പേരിൽ ഒരു സെന്റ് ഭൂമി പോലുമില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

തനിക്കു വില്ലേജ് പരിധിയിൽ ഭൂമി ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ അറിയിച്ചു.

ക്ഷേമ പെൻഷൻ വൈകിയപ്പോൾ മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പും (80) കഴിഞ്ഞയാഴ്ചയാണ് അടിമാലിയിൽ ഭിക്ഷയെടുക്കാനിറങ്ങിയത്.