‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ല…’; മുൻ പാക് താരത്തിന്‍റെ പരാമർശം വിവാദത്തിൽ
മുൻ പാക് ഓൾ റൗണ്ടർ അബ്ദുൽ റസാഖ് ടീമിന്‍റെ പ്രകടനത്തിൽ നടത്തിയ പരാമർശം വിവാദത്തിൽ. ഒരു ടിവി പരിപാടിക്കിടെ ലോകകപ്പിൽ ടീമിന്‍റെ ദയനീയ പ്രകടനത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ വിമർശിക്കുന്നതിനിടെയാണ് ബോളിവുഡ് നടി ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് റസാഖ് വിവാദ പരാമർശം നടത്തിയത്.
ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ല’ എന്നായിരുന്നു താരത്തിന്‍റെ പരാമർശം. മുൻ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമർ ഗുൽ എന്നിവർ കൂടി പങ്കെടുത്ത ചർച്ചയിലായിരുന്നു പരാമർശം. റസാഖിന്‍റെ വാക്കുകൾ കേട്ട് അഫ്രീദിയും ഗുല്ലും പൊട്ടിച്ചിരിക്കുകയും കൈയടിക്കുന്നുമുണ്ട്.
‘പി.സി.ബിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ കളിക്കുന്ന സമയത്ത് ക്യാപ്റ്റനെന്ന നിലയിൽ വ്യക്തമായ ലക്ഷ്യവും ഉദ്ദേശശുദ്ധിയുമുള്ള ആളായിരുന്നു യൂനിസ് ഖാൻ. മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതെനിക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി. ഇവിടെയുള്ള എല്ലാവരും പാകിസ്താൻ ക്രിക്കറ്റ് ടീമിനെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്. സത്യത്തിൽ, മികച്ച താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും നമുക്ക് എത്ര കണ്ട് ഉദ്ദേശശുദ്ധിയുണ്ട് എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കുമെന്ന് നിങ്ങൾ ചിന്തിച്ചാൽ അതു നടക്കണമെന്നില്ല’ -റസാഖ് പറഞ്ഞു.
വിവാദ പരാമർശത്തിൽ റസാഖിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പാകിസ്താൻ സ്ത്രീകളെ ഓർത്ത് സങ്കടം തോന്നുന്നു, എന്തൊരു നാണംകെട്ട ഉദാഹരണമാണെന്നാണ് പൊതുവെയുള്ള പ്രതികരണം.