National

ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടം; തൊഴിലാളികൾ സുരക്ഷിതർ; ഓക്സിജനും വെള്ളവും നൽകി

Spread the love

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കുടുങ്ങിക്കിടന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെയാണ് തുരങ്കത്തിൽ അപകടമുണ്ടായത്.

160 രക്ഷാപ്രവർത്തക സംഘം 31 മണിക്കൂർ തുടർച്ചയായി തുടരുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണുമാറ്റുന്ന ജോലികൾ നടക്കുകയാണ്. സ്ലാബും മണ്ണും കൊണ്ട് നിറഞ്ഞ 35 മീറ്റർ കൂടി നീക്കിയാൽ മാത്രമേ രക്ഷാപ്രവർത്തക സംഘത്തിന് തൊഴിലാളികൾക്ക് അരികിൽ എത്താൻ കഴിയൂ. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു.

വെള്ളവും ഭക്ഷണവും ഓക്സിജനും ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേർന്ന് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് ഇന്നലെ രാവിലെ അഞ്ചരയ്ക്ക് അപകടമുണ്ടായത്.സിൽക്യാരയെ ദണ്ഡ ൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ചാർധാം പദ്ധതിയുടെ ഭാഗമായ തുരങ്കം യാഥാർത്ഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രയിലേക്കുള്ള ദൂരം 26 കിലോമീറ്റർ കുറയും.