നൂറനാട് പാലമേൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു; സുരക്ഷയൊരുക്കി വൻ പൊലീസ് സന്നാഹം
ആലപ്പുഴ നൂറനാട് പാലമേൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. മണ്ണെടുപ്പ് തുടങ്ങിയത് രാവിലെ അഞ്ചരയോടെയാണ്. പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി കുന്ന് ഇടിച്ചാണ് മണ്ണെടുപ്പ് തുടങ്ങിയത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടു ദിവസത്തേക്ക് മണ്ണെടുപ്പ് നിർത്തിവച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണെടുത്ത് പോകുന്ന ലോറികൾ തടയുമെന്ന് നാട്ടുകാർ അറിയിച്ചു. ആലപ്പുഴ നൂറനാട് പാലമേൽ വൻ സുരക്ഷയൊരുക്കി പൊലീസ് സന്നാഹം.
സർക്കാരും ഹൈക്കോടതിയും മുൻപ് മണ്ണെടുക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ, സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ പോയതിനെ തുടർന്ന് മണ്ണെടുപ്പുകാർ പിൻവാങ്ങി. അപ്പീൽ വിധി പറയാതെ മാറ്റിവെച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ വീണ്ടും മണ്ണെടുപ്പുകാർ എത്തുകയായിരുന്നു. ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ മലയിടിച്ച് മണ്ണെടുക്കുന്നതിനെ എതിർക്കുന്നത്.
നാടിന്റെ പരിസ്ഥിതിയെ തകർക്കുന്ന മലയും കുന്നുകളുമിടിച്ചുള്ള മണ്ണടുപ്പിനെതിരെ നാട്ടുകാർ നടത്തിയ ജനകീയ സമരത്തിനു നേരെയായിരുന്നു കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ നടപടി ഉണ്ടായത്. സ്ത്രീകളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാടക്കളുമടക്കം നിരവധി പേർക്കാണ് മർദനമേറ്റത്.
ജില്ലയുടെ തെക്ക് – കിഴക്കേയറ്റം പത്തനംതിട്ടയുമായി അതിർത്തി പങ്കിടുന്ന പാലമേൽ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളിയിലാണ് സ്വകാര്യ കരാറുകാർ ഭൂമി വാങ്ങി കുന്നുകളിടിച്ച് മണ്ണെടുക്കുന്നത്.ഇതിനെതിരെ മാസങ്ങളായി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം നടന്നുവരികയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, രണ്ടാഴ്ച മുന്പ് പൊലീസ് സന്നാഹത്തോടെ മണ്ണെടുക്കാനെത്തിയെങ്കിലും നാട്ടുകാരുടെയും ജനപ്രതിനിധിളുടെയും പ്രതിരോധത്തെ തുടർന്ന് ഇവർ മടങ്ങിയിരുന്നു.