മന്ത്രി സജി ചെറിയാൻ കർഷകരെ അപമാനിച്ചു, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; രമേശ് ചെന്നിത്തല
മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രി കർഷകരെ അപമാനിച്ചുവെന്നും സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കൃഷി വേണ്ടെങ്കിൽ പിന്നെ തമിഴ്നാട്ടിൽ പോയി ജീവിച്ചാൽ പോരെ. കർഷകരെ സഹായിക്കുന്നതിനു പകരം മന്ത്രി അവരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടിൽ നിന്ന് അരി വരുമെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകൾ. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.
കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ല. സർക്കാർ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാൻ കർഷകർ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
മാന്നാർ ചെന്നിത്തല പഞ്ചായത്തിൽ മുക്കം വാലയിൽ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു കൊണ്ടായിരുന്നു കർഷകർക്കെതിരെ മന്ത്രിയുടെ പ്രസ്താവന. പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കിൽ ഇനി കൃഷി ചെയ്യില്ലെന്ന് അവിടുത്തെ കർഷകർ പറഞ്ഞിരുന്നു. അതിനു മറുപടിയെന്നോണമാണ് സജി ചെറിയാൻ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.