Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ലെന്ന് ലോകായുക്ത

Spread the love

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ആശ്വാസം. ഹർജി ലോകായുക്ത തള്ളി. ലോകായുക്ത മൂന്നംഗ ബഞ്ച് ഹർജി തള്ളി. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ല. രാഷ്ട്രീയ അനുകൂലമായ തീരുമാനം ആണെന്ന് കണക്കാക്കാൻ തെളിവില്ലെന്നും ലോകായുക്തയുടെ കണ്ടെത്തൽ.

മന്ത്രിസഭയ്ക്ക് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് ലോകായുക്ത ചൂണ്ടിക്കാണിച്ചു. ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. ഈ വിധിയിൽ അതിശയപ്പെടുന്നില്ലെന്നും യാതൊരുവിധത്തിലുള്ള എത്തിക്സും ഇല്ലാത്തവരാണ് ലോകായുക്തയിൽ ഉള്ളത് എന്നും ഹർജിക്കാരൻ ആർഎസ് ശശികുമാർ പ്രതികരിച്ചു. വന്നത് പ്രതീക്ഷിച്ച വിധിയെന്നും ശശികുമാർ. നേരത്തെ ഉപലോകായുക്തമാരെ മാറ്റണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളിയിരുന്നു. കേസിൽ ആദ്യം പരി​ഗണിച്ചത് ഉപലോകായുക്തയെ മാറ്റണമെന്ന ഹർജിക്കാരന്റെ അപേക്ഷയായിരുന്നു.

എൻസിപി നേതാവ് ഉഴവൂർ വിജയൻ, മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ, സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരൻ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയും സാമ്പത്തിക സഹായങ്ങളും നൽകിയത് ചോദ്യം ചെയ്തായിരുന്നു ഹർജി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയത് അധികാര ദുർവിനിയോഗമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അതിനാൽ വിതരണം ചെയ്ത പണം ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരിൽ നിന്നും തിരിച്ചുപിടിക്കണം എന്നാണ് ഹർജിക്കാരനായ ആർ എസ് ശശി കുമാറിൻറെ ആവശ്യം.

2018 സെപ്റ്റംബറിലാണ് ഹർജി ഫയൽ ചെയ്തത്. അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്. നേരത്തെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തിൽ ഓരോ മന്ത്രിമാർക്കും വ്യക്തിപരമായി ഉത്തരവാദിത്തം ഉണ്ടോയെന്ന നിയമ പ്രശ്നത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ കേസ് ഫുൾ ബെഞ്ചിന് വിടുകയായിരുന്നു.

ലോകായുക്തയുടെ റിപ്പോർട്ട് സർക്കാരിന് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന നിയമ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്ന ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഇപ്പോഴും നില നിൽക്കുകയാണ്.