നെഗറ്റീവ് എനർജി പുറന്തള്ളാൻ ഓഫീസിൽ പ്രാർഥന നടത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തൃശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനര്‍ജി ഒഴിപ്പിക്കാന്‍ പ്രാര്‍ഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പ്രാര്‍ത്ഥന. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നെഗറ്റീവ് എനർജി ഒഴിപ്പിക്കാന്‍ പ്രാര്‍ത്ഥന നടന്നത്.
ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ഥന നടന്നതെന്ന് ശിശു സംരക്ഷണ ഓഫീസര്‍ പറഞ്ഞു. മാനസിക സംഘര്‍ഷം മാറാന്‍ പ്രാര്‍ത്ഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം. സംഭവത്തില്‍ ജില്ലാ കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.