Sports

സെമി ലക്ഷ്യമിട്ട് ന്യൂസീലൻഡ്; ചാമ്പ്യൻസ് ട്രോഫി ലക്ഷ്യമിട്ട് ശ്രീലങ്ക: ബെംഗളൂരുവിൽ ഇന്ന് നിർണായക അങ്കം

Spread the love

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ന്യൂസീലൻഡ് ശ്രീലങ്കയെ നേരിടും. ബെംഗളൂരു എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം. ഇൻ കളി ജയിച്ച് അവസാന സെമിഫൈനൽ സ്ഥാനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ വരുന്ന ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടുക എന്നതാണ് ശ്രീലങ്കയുടെ ലക്ഷ്യം.

തുടരെ നാല് കളി ജയിച്ച് ഗംഭീരമായി ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ച ന്യൂസീലൻഡിന് ഇന്ത്യക്കെതിരായ കളിയോടെ നിലതെറ്റി. പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം ന്യൂസീലൻഡ് പരാജയപ്പെട്ടു. ആദ്യ നാല് മത്സരങ്ങളിൽ ദുർബലരായ ടീമുകൾക്കെതിരെ ആധികാരിക ജയം നേടിയെങ്കിലും പിന്നീട് കരുത്തരെ നേരിട്ടപ്പോൾ അവർക്ക് തിരിച്ചടി നേരിടുകയായിരുന്നു. കഴിഞ്ഞ കളി പാകിസ്താനെതിരെ ഇതേ ചിന്നസ്വാമിയിൽ 401 റൺസ് അടിച്ചുകൂട്ടിയിട്ടും മഴനിയമ പ്രകാരം 21 റൺസിനു തോറ്റത് അവർക്ക് കനത്ത തിരിച്ചടിയായി. രചിൻ രവീന്ദ്ര, കെയിൻ വില്ല്യംസൺ, ഡെവോൺ കോൺവേ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ബാറ്റിംഗ് ലൈനപ്പ് തൃപ്തികരമായ പ്രകടനങ്ങളാണ് നടത്തുന്നത്. എന്നാൽ, ബൗളിംഗ് അവസരത്തിനൊത്തുയരുന്നില്ല. ടിം സൗത്തി, ട്രെൻ്റ് ബോൾട്ട് എന്നിവരൊക്കെ നിരാശപ്പെടുത്തുമ്പോൾ മിച്ചൽ സാൻ്റ്നറാണ് ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നത്. പരുക്ക് മാറിയെങ്കിൽ ഇഷ് സോധിക്ക് പകരം ലോക്കി ഫെർഗൂസൻ കളിക്കും.

മറുവശത്ത് ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടതും മാത്യൂസിനെതിരായ ടൈം ഔട്ടും ശ്രീലങ്കൻ ടീമിൻ്റെ മൊറാലിനെ ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടത് അവർക്ക് കനത്ത തിരിച്ചടിയായിരുന്നു. ബാറ്റിംഗ് നിരയുടെ പ്രകടനം മൊത്തത്തിൽ ഭേദപ്പെട്ടതാണ്. പാത്തും നിസങ്ക, സദീര സമരവിക്രമ, ചരിത് അസലങ്ക തുടങ്ങി ഏതാണ്ട് എല്ലാവരും ചില നല്ല പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ദിൽഷൻ മധുശങ്ക ബൗളർമാരിൽ തകർപ്പൻ പ്രകടനം നടത്തുന്നെങ്കിലും സ്പിന്നർമാർ നിരാശപ്പെടുത്തുകയാണ്. മഹീഷ് തീക്ഷണ മോശം ഫോമിലാണ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.