കൈക്കൂലി ചോദിച്ചത് പരാതിപ്പെട്ടതിലുള്ള വൈരാഗ്യം; അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാറുടെ പ്രതികാരം
ആലപ്പുഴയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നല്‍കി. പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കുട്ടിയുടെ മാതാപിതാക്കള്‍ ഇതരമതസ്ഥരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി കുട്ടിയുടെ കുടുംബം തഹസില്‍ദാറെ സമീപിച്ചിരുന്നു. അന്ന് ഇയാള്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെതിരെ കുടുംബം വിജിലന്‍സിന് പരാതി നല്‍കുകയും വിജിലൻസ് തഹസില്‍ദാറുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തഹസില്‍ദാര്‍ നടത്തുന്നതെന്നാണ് കുടുംബത്തിന്റെ പരാതി.
ആദ്യത്തെ സംഭവത്തിന് ശേഷമാണ് കുട്ടി പീഡനത്തിന് ഇരയായത്. ഇതില്‍ പരാതിയുമായി കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനാണ് പൊലീസ് തഹസില്‍ദാറെ സമീപിച്ചത്. ഈ സമയം രേഖകളില്‍ നിന്ന് കുട്ടിയുടെ വിവരങ്ങള്‍ മനസിലാക്കിയ തഹസില്‍ദാര്‍ ഇവ കുടുംബാംഗങ്ങള്‍ക്കും നാട്ടിലെ സാമുദായിക സംഘടനകള്‍ക്കും കൈമാറുകയായിരുന്നു.
തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം ജില്ലാ ശിശുക്ഷേമ സമിതിക്കും പൊലീസിനും പരാതി നല്‍കി . പരാതിയില്‍ കഴമ്പുണ്ടെന്ന് ആലപ്പുഴ ശിശു ക്ഷേമസമിതി ചെയര്‍പേഴ്‌സണ്‍ വസന്തകുമാരി 24നോട് പറഞ്ഞു. സമിതിക്ക് ലഭിച്ചത് ഗുരുതരമായ പരാതിയാണെന്നും ഒരിക്കലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത നടപടിയാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.