ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; പലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൗദി
പലസ്തീന് ജനതയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പലസ്തീന് ജനതയ്ക്കുള്ള രാജ്യത്തിന്റെ പിന്തുണ സൗദി ആവര്‍ത്തിച്ചത്.
ചരിത്രപരമായ ബന്ധമാണ് പലസ്തീനുമായി സൗദിക്കുള്ളത്. സ്വതന്ത്ര പലസ്തീന് യാഥാര്‍ഥ്യമാകുക എന്ന നിലപാടില്‍ സൗദി ഉറച്ചു നില്ക്കുന്നു. നിലവിലുള്ള സംഘര്‍ഷത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കാണേണ്ടതുണ്ട്. ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം. ദുരിതമനുഭവിക്കുന്നവര്‍ക്ക് മാനുഷിക സഹായം എത്തിക്കണം. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഉണരണമെന്നും സല്മാന് രാജാവ് ആവശ്യപ്പെട്ടു.
സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോക നേതാക്കളുടെ സംഗമങ്ങള്‍ക്ക് സൗദി വേദിയൊരുക്കുന്നത് തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച പലസ്തീന് ഇസ്രായേല്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി അടിയന്തിര ഉച്ചകോടി ചേരുന്നത്. സൗദിയുടെ നേതൃത്വത്തില്‍ റിയാദിലാണ് ഉച്ചകോടി നടക്കുക. ഗസ്സയില്‍ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് ഭൂരിഭാഗം അറബ് രാജ്യങ്ങളും. ഇത് മുഖവിലക്കേടുക്കാതെ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഒ.ഐ.സിയുടെ യോഗം.