Kerala

വെടിക്കെട്ട് നിരോധനം; ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Spread the love

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും ഒപ്പം അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തികൾ കോടതി ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കുന്നുണ്ട്.

ഏതെങ്കിലും ആരാധനാലയങ്ങളിൽ വെടിക്കെട്ട് സാമഗ്രികൾ അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും അപ്പീലിൽ പറയുന്നുണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനമാകമാനം ബാധകമാകുന്ന രീതിയിൽ ഇടക്കാല ഉത്തരവിടാൻ സിംഗിൾ ബഞ്ചിന് കഴിയില്ലെന്നും സർക്കാർ വാദമുന്നയിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട്
വെടിക്കെട്ട് നിരോധനത്തിൽ ഹൈകോടതി വിധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്തുവന്നിരുന്നു. ഭരണഘടന അനുസരിച്ചാണ് കോടതികൾ പ്രവർത്തിക്കേണ്ടത്. കോടതികൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് പകരം വിശ്വാസികളുടെ കാര്യത്തിൽ കൈയിടാനും അതിൽ അനാവശ്യ ഇടപെടൽ നടത്തുന്നതും ഇന്ത്യ പോലുള്ള രാജ്യത്ത് ഭൂഷണമല്ലെന്ന് വി മുരളീധരൻ പറഞ്ഞു.

ഏതാണ് അസമയം? ഏതാണ് സമയം എന്ന് ആര് തീരുമാനിക്കും? അതിൻ്റെ മാനദണ്ഡമെന്ത്? ഭരണഘടനയിലെ ഏത് അടിസ്ഥാന തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സമയത്തെ നിർണയിക്കാൻ പോകുന്നത്? കോടതിയുടെ അധികാരപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് ഒതുങ്ങി നിൽക്കുകയാണ് വേണ്ടത് – കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.