Kerala

ഹൈക്കോടതിയുടെ വെടിക്കെട്ട് വിലക്ക്; സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

Spread the love

വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഓരോ ക്ഷേത്രങ്ങളിലും പൂജകൾക്ക് സമയം ഉള്ളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവിധ ദേവസ്വം ബോർഡുകളും അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അസമയം ഏതെന്ന് നിശ്ചയിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു

ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നത്.