National

എത്തിക്‌സ് കമ്മിറ്റി ചോദിച്ചത് രാത്രി ആരോടാണ് സംസാരിക്കുന്നതെന്നും, ഹോട്ടലില്‍ ആര്‍ക്കൊപ്പമാണ് തങ്ങാറെന്നും: മഹുവ മൊയ്ത്ര

Spread the love

ചോദ്യക്കോഴ വിവാദം ഉന്നയിച്ച് തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്‌സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ ആരോപിച്ചു. എത്തിക്‌സ് കമ്മിറ്റിയ്ക്ക് മുന്നില്‍ നിന്നുള്ള നാടകീയമായ ഇറങ്ങിപ്പോകലിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താന്‍ നേരിട്ട കാര്യങ്ങള്‍ മഹുവ വിശദീകരിച്ചത്.

എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു. രാത്രി വൈകി നിങ്ങള്‍ ആരോടാണ് സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത 24 മണിക്കൂറിലെ അര്‍ദ്ധരാത്രിയിലെ ഫോണ്‍കാളുകളുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് തരാന്‍ സാധിക്കുമോ എന്നവര്‍ ചോദിച്ചു. അതിന് സമ്മതമല്ലെങ്കില്‍ പറ്റില്ല എന്ന് പറയാമെന്നും അവര്‍ പറഞ്ഞു. നിങ്ങളൊരു വേശ്യയാണോ എന്ന് ചോദിക്കുകയും അപ്പോള്‍ ഞാന്‍ അല്ല എന്ന് പറയുകയും ചെയ്താല്‍ അതില്‍ ഒരു പ്രശ്‌നവുമില്ല, ആ ചോദ്യം കൊണ്ടുള്ള പ്രശ്‌നം അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതിക്കോളണം എന്നാണോ നിങ്ങള്‍ വിചാരിക്കുന്നതെന്ന് മഹുവ ഒരു മറുചോദ്യം ചോദിച്ചു. ബിജെപി അംഗങ്ങള്‍ ആ സമയത്ത് നിശബ്ദരായിരുന്നെന്നും തങ്ങള്‍ ഇതിന്റെ ഭാഗമാകില്ലെന്ന് ആ സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കിയെന്നും മഹുവ പറയുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അപ്രസക്തവും വളരെ വ്യക്തിപരവുമായ കാര്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റി ചോദിച്ചതിലധികവുമെന്ന് മഹുവ കുറ്റപ്പെടുത്തുന്നു. അഞ്ച് വര്‍ഷം ഏതൊക്കെ സ്ഥലങ്ങളില്‍ സഞ്ചരിച്ചെന്നും ഏതൊക്കെ ഹോട്ടലില്‍ തങ്ങിയെന്നും പറയാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ ഒപ്പം ആരൊക്കെയുണ്ടായിരുന്നെന്ന് ചോദിച്ചു. ഒരാളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ നിങ്ങള്‍ അയാളെ പ്രീയപ്പെട്ട സുഹൃത്തെന്നാണ് പരാമര്‍ശിച്ചത്. അയാളുമായി എത്ര അടുപ്പമുണ്ടെന്നും ഈ അടുപ്പം അയാളുടെ ഭാര്യയ്ക്ക് അറിയാമോ എന്നും തന്നോട് എത്തിക്‌സ് കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചതായി മഹുവ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ ഈ വിഷയത്തില്‍ മമത ബാനര്‍ജിയുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും തങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ തത്ക്കാലം പരസ്യപ്പെടുത്താന്‍ താത്പര്യമില്ലെന്നും മഹുവ പറഞ്ഞു. അദാനിയെക്കുറിച്ച് ചോദിക്കുന്നവരെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാനാണ് ബിജെപി നോക്കുന്നത്. ചോദ്യങ്ങള്‍ സമര്‍പ്പിക്കാനുള്ള ലോഗിന്‍ ഐഡിയും പാസ്വേര്‍ഡും കൈമാറുന്നത് സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളൊന്നും ഇപ്പോള്‍ നിലവിലില്ലെന്നും മഹുവ പറഞ്ഞു.