പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗ് അണികൾ എത്തുമെന്ന പ്രതീക്ഷയിൽ സിപിഐഎം
മുസ്ലിം ലീഗ് നൽകിയ ഷോക്കിലും ആര്യാടൻ ഷൗക്കത്ത് വിവാദത്തിലും പ്രതിസന്ധിയിലായി കോൺഗ്രസ്. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിന്റെ അണികളെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. സമസ്തയുടെ പങ്കാളിത്തത്തോടെ ലീഗ് അണികളെ എത്തിക്കാമെന്നും സിപിഐഎം കണക്കുകൂട്ടുന്നു. യുഡിഎഫിന്റെ മെല്ലെപ്പോക്കിൽ കോൺഗ്രസിന് മുന്നറിയിപ്പ് നൽകാൻ പുതിയ വിവാദം വഴിയൊരുക്കിയെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കോൺഗ്രസിനാകട്ടെ, ലീഗ് ഇടതിനോട് അടുക്കുമെന്ന അങ്കലാപ്പൊഴിഞ്ഞ ആശ്വാസവും.
മുസ്ലീം ലീഗ് ക്ഷണം നിരസിച്ചെങ്കിലും പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ടു കൂടുതൽ റാലികൾക്കൊരുങ്ങുകയാണ് സിപിഐഎം. സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. കോഴിക്കോടിനു പുറമേ മൂന്ന് മേഖലാ റാലികൾ കൂടി നടത്തും. തിരുവനന്തപുരം തൃശൂർ മലപ്പുറം ജില്ലകളിൽ റാലികൾ നടത്താനാണ് ആലോചന. വിഷയത്തിൽ കോൺഗ്രസിന്റെ നയമില്ലായ്മ തുറന്നുകാട്ടണമെന്ന് സിപിഐഎമ്മിൽ അഭിപ്രായമുണ്ട്.
പലസ്തീൻ വിഷയത്തിൽ വ്യക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും ഇതിൽ ലീഗ് അണികളിൽ അതൃപ്തി ഉണ്ടെന്നും സിപിഐഎം വിലയിരുത്തുന്നു. അത് മുതലെടുക്കണമെന്നും സിപിഐഎം യോഗത്തിൽ അഭിപ്രായമുയർന്നു. റാലിയിൽ ലീഗ് പങ്കെടുക്കുന്നില്ലെങ്കിലും വിഷയം രാഷ്ട്രീയ ചർച്ചയാക്കി ഉയർത്തിയത് ഗുണകരമായെന്നും സിപിഐഎം വിലയിരുത്തലുണ്ട്.