ജലസംരക്ഷണ ഇന്‍സ്റ്റലേഷനുകളുമായി കേരളീയം
ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കേരളീയത്തിലെ വിവിധ പവലിയനുകളും ഇന്‍സ്റ്റലേഷനുകളും. ജലസംരക്ഷണമാണ് ഈ വര്‍ഷത്തെ കേരളീയത്തിന്റെ തീം. ഈ ആശയം മുന്‍നിര്‍ത്തി കേരളീയം ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ വിവിധ മിഷനുകളും വകുപ്പുകളും ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള സേവ് വാട്ടര്‍, സ്റ്റേ ഗ്രീന്‍ (ജലം സംരക്ഷിക്കൂ, ജീവിതം ഹരിതാഭമാക്കൂ) എന്ന പേരിലുള്ള പവലിയന്‍ സന്ദര്‍ശിക്കാന്‍ പുത്തരിക്കണ്ടത്തേക്ക് നിരവധി പേരാണ് എത്തുന്നത്.ഹരിതകേരളം മിഷന്‍, ഭൂജല വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെമെന്റ് കോര്‍പറേഷന്‍ (ജലസേചനം), ജലനിധി, കൊച്ചി വാട്ടര്‍ മെട്രോ, കേരള വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രവര്‍ത്തന മാതൃകകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വലിപ്പമേറിയ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനത്തിലെ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരിനമാണ്. ജലമെട്രോ യാത്രയുടെ നേരനുഭവം പകരുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ സ്റ്റാളാണ് സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരിനം.
ഹരിതകേരളം മിഷന്‍ തയാറാക്കിയിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തില്‍ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളകോട് ക്വാറിയിലെ ജലം കൃഷിയ്ക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്ന ഹരിതതീര്‍ത്ഥം പദ്ധതി ആണ്. ‘ജലം ജീവനസ്യ ആധാര: ജലം ഇല്ലാതെ ജീവനില്ല’ എന്ന പേരില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്ന ഇന്‍സ്റ്റലേഷനും ഏറെ ശ്രദ്ധേയമാണ്.
മഴവെള്ളം സംരക്ഷിക്കുന്നതിന്റെയും മഴവെള്ള സംഭരണികള്‍ മുഖേന മഴവെള്ളം പുനരുപയോഗിക്കപ്പെടേണ്ടതിന്റെയും ബോധവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള ഇന്‍സ്റ്റലേഷന്‍ കനകക്കുന്ന് ഗേറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. ചവിട്ടി കറക്കാന്‍ കഴിയുന്ന ജലചക്രത്തിന്റെ പ്രവര്‍ത്തിക്കുന്ന ഒരു മോഡലും കനകക്കുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹരിത കേരളം മിഷന്‍ ഒരുക്കിയ കനകക്കുന്നിലെ ദ്രവമാലിന്യ സംസ്കരണത്തിനുള്ള തത്സമയ മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ പ്രദര്‍ശനമാണ് മറ്റൊരു ആകര്‍ഷണം. ജപ്പാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്‌ക്വാസ് സൊലൂഷന്‍സ് എന്ന കേരള സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്തതാണ് ഈ നൂതനമാതൃക.