സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാന്‍ മുന്നോട്ട്; വിയര്‍ക്കുന്നത് പാകിസ്താന്‍
ഐസിസി ഏകദിന ലോകകപ്പില്‍ നെതര്‍ലെന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ജയിച്ചതോടെ സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാനിസ്ഥാന്‍. മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഏഴു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ നാലു ജയവുമായി പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ അഫ്ഗാന് സെമിയിലെത്താം. മൂന്നു ജയമുള്ള പാകിസ്താന്‍ ആറു പോയിന്റുകളുമായി ആറാം സ്ഥാനത്താണ്. നിലവില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനും എട്ട് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ കിവീസിന്റെ മികച്ച റണ്‍റേറ്റാണ് അഫ്ഗാനെ ആദ്യ നാലില്‍ നിന്ന് അകറ്റിയത്. നാളെ ന്യൂസിലന്‍ഡിനെതിരെ വലിയ മാര്‍ജനില്‍ പാകിസ്താന്‍ ജയിച്ചാല്‍ ഇരുവരേയും മറികടന്ന് ആദ്യ നാലിലെത്താന്‍ കഴിയും.
നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന്‍ മറികടന്നു. റഹ്‌മത്ത് ഷാ, ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ജയം എളുപ്പമാക്കിയത്. 64 പന്തില്‍ നിന്ന് 56 റണ്‍സുമായി പുറത്താകാതെ നിന്ന ഷാഹിദിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. റഹ്‌മത്ത് ഷാ 54 പന്തില്‍ നിന്ന് 52 റണ്‍സെടുത്തിരുന്നു.
നേരത്തേ നാല് പ്രധാന വിക്കറ്റുകള്‍ റണ്ണൗട്ടിലൂടെ നഷ്ടമായ നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സിന് പുറത്തായിരുന്നു. നൂര്‍ അഹമ്മദ് രണ്ടും മുജീബ് ഉര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും വീഴ്ത്തി. 58 റണ്‍സ് നേടിയ സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷാണ് നെതര്‍ലന്‍ഡ്സിന്റെ ടോപ് സ്‌കോറര്‍. മാക്സ് ഒഡൗഡ് 42 റണ്‍സെടുത്തു.