Kerala

KPCC വിലക്കിനെ മറികടന്നു; മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി

Spread the love

കെപിസിസി വിലക്കിനെ മറികടന്ന് മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി. കനത്ത മഴയേയും മറികടന്ന് വലിയ തോതിൽ പ്രവർത്തകർ റാലിയിൽ പങ്കെടുക്കുന്നു. പാർട്ടി നിർദേശം ലംഘിച്ച് റാലി നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്ന് ആര്യാടൻ ഷൗക്കത്തിന് കെപിസിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് റാലി സംഘടിപ്പിക്കുന്നത്.

യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയടക്കം മലപ്പുറത്തെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നൽകുന്നുണ്ട്. ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി കിഴക്കേത്തലവരെയാണ്. നേരത്തെ ഡി.സി.സി. പലസ്തീൻ ഐക്യദാർഢ്യറാലി നടത്തിയിരുന്നു. അര്യാടൻ ഷൗക്കത്തും സി. ഹരിദാസടക്കമുള്ള എ ഗ്രൂപ്പ് നേതാക്കൾ ഡി.സി.സിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഫൗണ്ടേഷന്റെ പേരിൽ നടത്തുന്നതു വിഭാഗീയ പ്രവർത്തനമാണെന്നും അനുവദിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ആര്യാടൻ ഷൗക്കത്തിനു കെപിസിസി കത്തു നൽകി. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ല. കെപിസിസിയുടെ നിർദേശം കിട്ടിയാൽ മറുപടി നൽകുമെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.