Kerala

കൊല്ലത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കാന്‍ സിപിഐഎം; ലക്ഷ്യം പ്രേമചന്ദ്രനെ മറികടക്കല്‍

Spread the love

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ മറികടക്കാന്‍ പതിനെട്ടടവും പയറ്റാനൊരുങ്ങുകയാണ് സിപിഐഎം. ഇത്തവണ പ്രബലനായ സ്ഥാനാര്‍ത്ഥിയെ തന്നെ എല്‍ഡിഎഫ് രംഗത്ത് ഇറക്കും. കഴിഞ്ഞ തവണ നേടിയ ഒന്നരലക്ഷത്തിന്റെ മഹാഭൂരിപക്ഷവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പ്രതിച്ഛായയുമാണ് വീണ്ടും കളത്തിലിറങ്ങാന്‍ എന്‍ കെ പ്രേമചന്ദ്രന്റെ ആത്മവിശ്വാസം. കൊല്ലം ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രം ആര്‍ എസ് പിയുടേതു കൂടിയാണ്. ഇടതു വലതു മുന്നണിയ്‌ക്കൊപ്പം നിന്ന് മത്സരിച്ച ആര്‍എസ്പി ഒന്‍പത് തവണയാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ വിജയിച്ചത്.കൊല്ലം ലോക്‌സഭ മണ്ഡലം സിപിഐഎം പിടിച്ചു വാങ്ങിയതോടെയാണ് ഇടതു ചേരിയോട് ഗുഡ് ബൈ പറഞ്ഞ് ആര്‍എസ്പി കോണ്‍ഗ്രസ് കൈപിടിച്ചത്.

തങ്ങളോട് പിണങ്ങി ഇറങ്ങിയ ആര്‍ എസ് പി യെയും പ്രേമചന്ദ്രനെയും ഇല്ലാതാക്കാന്‍ കൊല്ലം ലോക്‌സഭ മണ്ഡലം സി പി ഐ എമ്മിന് പിടിച്ചെടുത്തേ മതിയാവു. പക്ഷേ അത് അത്ര എളുപ്പമല്ലെന്ന് ഇന്ന് സിപിഐഎം മനസിലാക്കുന്നുണ്ട്.സംസ്ഥാനം ഉറ്റുനോക്കുന്ന കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിന് പ്രേമചന്ദ്രന് അപ്പുറം മറ്റൊരു പേരില്ല.സിപിഐഎമ്മില്‍ സ്ഥിതി വ്യത്യസ്തമാണ്. എംഎല്‍എമാര്‍ മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത് അരഡസനോളം പേരുകളാണ്. കൊല്ലം എംഎല്‍എഎം മുകേഷ്,ചവറ എംഎല്‍.എ ഡോ.സുജിത് വിജയന്‍പിള്ള തുടങ്ങി കൊട്ടാരക്കര മുന്‍ എംഎല്‍.ഐഷാ പോറ്റി, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ എന്നീ പേരുകളും സിപിഎം ഉപശാലകളില്‍ പരിഗണിക്കപ്പെട്ടുന്നുണ്ട്.

കളം പിടിക്കിക്കാന്‍ കരുത്തരെ ഇറക്കിയിട്ടും കരുത്താര്‍ജിച്ച് കറുത്ത കുതിരയെ പോലെ പ്രേമചന്ദ്രന്‍ കുതിച്ചു കയറി നേടിയത് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷം.രാഷ്ട്രീയത്തിനപ്പുറമുള്ള പ്രേമചന്ദ്രന്റെ പ്രതിച്ഛായയെ മറികടക്കാന്‍ ആരെന്ന ചോദ്യമാണ് ഇടതുകേന്ദ്രങ്ങളെ അലട്ടുന്നത്. പാര്‍ലമെന്റ് മണ്ഡലത്തിലെ 7 നിയമസഭ മണ്ഡലത്തില്‍ കുണ്ടറ ഒഴികെയെല്ലാം കനത്ത ഭൂരിപക്ഷത്തില്‍ ഇടതുപക്ഷത്തിന്റെ കയ്യിലാണ്.എന്നിട്ടും ലോക്‌സഭയില്‍ ഇടതുവോട്ടുകള്‍ ചോര്‍ന്നു പോകുന്നതാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കണ്ടത്.