Monday, February 24, 2025
Latest:
Kerala

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂർ അതിരൂപത; തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് അതിരൂപതാ മുഖപത്രം

Spread the love

തൃശ്ശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂർ അതിരൂപത. തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തത് കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിക്ക് പരിഹാസം. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’യില്‍ പ്രസ്താവിക്കുന്നു. മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും തൃശ്ശൂർ അതിരൂപത പറയുന്നു.

മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങൾ ഉണ്ടെന്ന സുരേഷ്ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമർശനമുണ്ട്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ ആണത്തമുണ്ടോയെന്നാണ് ചോദ്യം. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും തൃശൂർ അതിരൂപത വിമര്‍ശിക്കുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും തൃശ്ശൂർ അതിരൂപത മുന്നറിയിപ്പ് നല്‍കുന്നു.