സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കും; പി. മോഹനൻ മാസ്റ്റർ
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. ഇത് സിപിഐഎമ്മിൻ്റെയോ ലീഗിൻ്റെയോ വിഷയമല്ല. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡിൽ ലീഗിന്റെ പ്രയാസം സി.പി.ഐ.എമ്മിന് ബോധ്യമായിരുന്നു. ആ നിലപാട് മൂലം അവർക്ക് പ്രയാസമുണ്ടാവാതിരുന്നതിനാലാണ് ക്ഷണിക്കാതിരുന്നത്. കോൺഗ്രസിനെ ചിലർ ക്ഷണിച്ചപ്പോൾ അവരുടെ നിലപാട് കണ്ടതാണെന്നും ലീഗിൻ്റെ ഈ നിലപാട് നിലപാട് സ്വാഗതാർഹമാണെന്നും പി. മോഹനൻ മാസ്റ്റർ വ്യക്തമാക്കി.
കോൺഗ്രസിനെ വിളിച്ചിട്ട് എന്തിനാണ്, ഇസ്രായേൽ അനുകൂല നിലപാട് പ്രകടിപ്പിക്കാനോണോയെന്നും അദ്ദേഹം വിമർശിച്ചു. ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. ശശി തരൂരിന്റെ അഭിപ്രായം കോൺഗ്രസിന്റേതാണ്. അതിനെ ഒറ്റപ്പെട്ടതായി കാണാനാകില്ല കോൺഗ്രസിന്റേത് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്നും പി. മോഹനൻ വ്യക്തമാക്കി.
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ല. ക്ഷണം കിട്ടിയാൽ ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്ന തരത്തിലാണ് പി. മോഹനൻ മാസ്റ്റർ പ്രതികരിച്ചിരിക്കുന്നത്.
കളമശേരി സ്ഫോടനത്തിൽ ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ലാത്തതാണെന്നും പ്രതി പിടിയിലായത് നന്നായെന്നും ഇ ടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ അതും ഒരു ഇസ്ലാമോഫോബിയ സാഹചര്യത്തിലേയ്ക്ക് പോയേനെയെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കാതിരുന്നതിന്റെ സാഹചര്യം വേറേയാണെന്നും ഇ ടി മുഹമ്മദ് ബഷീർ വിശദീകരിച്ചു.
നവംബർ 11ന് കോഴിക്കോടാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെയുള്ള വിവിധ സാമുദായിക സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.