Kerala

കരുവന്നൂർ കള്ളപ്പണ ഇടപാടിൽ രണ്ടാം ഘട്ട അന്വേഷണവുമായി ഇഡി; എ.സി മൊയ്തീനെയും എം.കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്‌തേക്കും

Spread the love

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ രണ്ടാം ഘട്ട അന്വേഷണം അരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രണ്ടാംഘട്ട അന്വേഷണം. കേസിൽ കൂടുതൽ പേർക്ക് സമൻസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്ത മുൻ മന്ത്രി എസി മൊയ്തീനെയും എം കെ കണ്ണനെയും വീണ്ടും ചോദ്യം ചെയ്‌തേക്കും.

കരുവന്നൂരിൽ ഇതുവരെ 90 കോടിയുടെ കള്ളപ്പണം ഇടപാട് നടന്നു എന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. 55 പ്രതികളെ ഉൾപ്പെടുത്തി പന്ത്രണ്ടായിരത്തോളം പേജുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ഇ ഡി കോടതിയിൽ സമർപ്പിച്ചത്. അനധികൃത വായ്പ നൽകിയത് സി പി ഐ എം നേതാക്കളുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളും ഇ ഡി വിശദമായി പരിശോധിക്കും.

55 പ്രതികളുള്ള ആദ്യ കുറ്റപത്രത്തിൽ കമ്മിഷൻ ഏജന്റ് ബിജോയ് ആണ് ഒന്നാംപ്രതി. വടക്കാഞ്ചേരി നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷൻ പതിനഞ്ചാം പ്രതിയും പി സതീഷ് കുമാർ പതിനാലാം പ്രതിയുമാണ്. കരുവന്നൂർ കള്ളപ്പണകേസിൽ കമ്മീഷൻ ഏജന്റായിരുന്നു ബിജോയി. ബാങ്കിന്റെ ഏജന്റായി പ്രവർത്തിച്ച ബിജോയ് കോടികൾ തട്ടിയെടുത്തുവെന്നായിരുന്നു നേരത്തെ വിജിലൻസിന്റെയും കണ്ടെത്തൽ.വിജിലൻസ് കേസിൽ അഞ്ചാം പ്രതിയായിരുന്നു ബിജോയി. ആറുപെട്ടികളിലായാണ് ആദ്യഘട്ട കുറ്റപത്രം ഇ ഡി ഉദ്യോഗസ്ഥർ കോടതിയിൽ എത്തിച്ചത്.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂരിലേത്. 2011-12 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പിൽ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്ത് വരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.