National

‘താലിബാനുള്ള പരിഹാരം ബജ്‌റംഗ് ബലിയുടെ ഗദ’: യോഗി ആദിത്യനാഥ്

Spread the love

കോൺഗ്രസ്-ബിജെപി പോരാട്ടത്തിന് ഇസ്രായേൽ-ഗസ്സ യുദ്ധവുമായി സാദൃശ്യമുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാൻ മാനസികാവസ്ഥയുള്ള കോൺഗ്രസ് വിജയിച്ചാൽ സഹോദരിമാരും പെൺമക്കളും ചൂഷണം ചെയ്യപ്പെടുമെന്ന് ഓർക്കണം. താലിബാനുള്ള പ്രതിവിധി ബജ്റംഗ് ബലിയുടെ ഗദയാണെന്നും യോഗി ആദിത്യനാഥ്.
രാജസ്ഥാനിലെ അൽവാറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരാജകത്വവും ഗുണ്ടായിസവും തീവ്രവാദവും സമൂഹത്തിന് ശാപമാണ്. അവരിൽ രാഷ്ട്രീയം പിടിമുറുക്കുമ്പോൾ, അത് പരിഷ്കൃത സമൂഹത്തെ ബാധിക്കും. ഗസ്സയിൽ താലിബാൻ ചിന്താഗതി എങ്ങനെ തകർക്കപ്പെടുന്നുവെന്ന് നിങ്ങൾ കാണുന്നില്ലേ? ലക്ഷ്യ സ്ഥാനങ്ങൾ കൃത്യതയോടെ തകർക്കപ്പെടുന്നു – അദ്ദേഹം കൂട്ടിച്ചേർത്തു.

സർദാർ പട്ടേൽ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റി, എന്നാൽ ജവഹർലാൽ നെഹ്‌റു ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചു, അതിന്റെ ഫലമായി തീവ്രവാദം വ്യാപിച്ചു. ബിജെപി സർക്കാർ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കശ്മീരിനെ പ്രശ്നരഹിതമാക്കി. അവിടെനിന്ന് തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു – യോഗി അവകാശപ്പെട്ടു.

‘രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. താലിബാൻ മാനസികാവസ്ഥയുള്ള കോൺഗ്രസ് വീണ്ടും വിജയിച്ചാൽ സഹോദരിമാരും പെൺമക്കളും ചൂഷണം ചെയ്യപ്പെടുമെന്ന് ഓർക്കുക’ – യോഗി പറഞ്ഞു. സ്ത്രീകൾക്കും ദളിതർക്കും എതിരായ അതിക്രമങ്ങൾ കാരണം സംസ്ഥാനത്തിന് ചീത്തപ്പേര് ലഭിക്കുന്നുണ്ടെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദിയും നേരത്തെ പറഞ്ഞിരുന്നു.