കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ കുറ്റപത്രം ഇന്ന്. അറസ്റ്റിലായ നാല് പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുക. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇത്.
സെപ്റ്റംബർ 4നാണ് ഒന്നാംപ്രതി സതീഷ് കുമാറിന്റെയും രണ്ടാംപ്രതി പി പി കിരണിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ചതിൽ നാലു പ്രതികൾക്കെതിരെയും കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ഇ.ഡി തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നു.
കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂരിലേത്. 2011-12 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പിൽ 219 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്ത് വരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.