Sports

ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം, എതിരാളികൾ ബംഗ്ലാദേശ്

Spread the love

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ടൂർണമെന്റിൽ ഇതുവരെ ഇരു ടീമുകളുടെയും പ്രകടനം വളരെ മോശമായിരുന്നു. തുടർച്ചയായി നാല് തോൽവികൾ ഏറ്റുവാങ്ങിയ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടമാണ്. സെമി പ്രതീക്ഷ നിലനിർത്താൻ അവർക്ക് ഇന്ന് ജയിക്കണം. മറുവശത്ത് ബംഗ്ലാദേശിന് ഒന്നും നഷ്ടപ്പെടാനില്ല. അഞ്ച് തോൽവികൾ ഏറ്റുവാങ്ങിയ ടീം പുറത്താക്കലിന്റെ വക്കിലാണ്. ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ടീമിൻ്റെ ലക്ഷ്യം.

ബാറ്റിംഗിൽ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, അബ്ദുല്ല ഷഫീഖ് എന്നിവർ മെച്ചപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരതയില്ലായ്മ ഒരു പ്രധാന പ്രശ്നമായി തുടരുന്നു. മറ്റ് ബാറ്റർമാർ സാഹചര്യത്തിനനുസരിച്ച് മുന്നേറേണ്ടതുണ്ട്. ഫീൽഡിംഗും പാകിസ്താന്റെ ദുർബലമായ കണ്ണിയാണ്, ഇതിന് അടിയന്തിര പരിഹാരം ആവശ്യമാണ്. ടീമിൽ നായകൻ ബാബർ അസം മാറ്റങ്ങൾ വരുത്തിയേക്കും.

ബംഗ്ലാദേശും ഇതേ പ്രശ്നമാണ് നേരിടുന്നത്. ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ മഹ്മൂദുള്ളയും മുഷ്ഫിഖുർ റഹീമും ഒഴികെയുള്ള ബാറ്റർമാർ നിരാശപ്പെടുത്തി. ആദ്യ മത്സരത്തിൽ അഫ്ഗാനെ തോൽപ്പിച്ച കടുവകൾക്ക് പിന്നീട് ജയിക്കാനായിട്ടില്ല. ആറിൽ അഞ്ചും തോറ്റ ബംഗ്ലാദേശിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.