Kerala

തന്നെ ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വം ശ്രമം നടന്നു; രമേശ് ചെന്നിത്തല

Spread the love

തന്നെ ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വ ശ്രമം നടന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തില്‍ ഒരു ബ്രാന്‍ഡിങ് നീക്കത്തിന് പാര്‍ട്ടിയില്‍ ചില നേതാക്കളുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. മുതിര്‍ന്ന നേതാവായിട്ടും സമുദായത്തിന്റെ പേരുംപറഞ്ഞ് തന്നെ മാറ്റി നിര്‍ത്തിയെന്നും സിപി രാജശേഖരന്‍ എഴുതിയ ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാതെയും’ എന്ന പുസ്തകത്തില്‍ പറയുന്നു.

തിരുത്തല്‍ വാദവുമായി ബന്ധപ്പെട്ട് താന്‍ സ്വീകരിച്ച നിലപാടില്‍ പശ്ചാത്തപിക്കുന്നുവെന്നും പുതിയ പുസ്തകത്തില്‍ രമേശ് ചെന്നിത്തല പറയുന്നു. കെ കരുണാകരനെതിരെ അന്ന് അത്തരമൊരു നിലപാട് സ്വീകരിക്കേണ്ടിവന്നു.. പക്ഷേ ഇപ്പോള്‍ പല രാഷ്ട്രീയ നേതാക്കളുടെയും മക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ഒരു പ്രവണതയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുള്ള തീരുമാനം മക്കളുടേതാണ്. തന്റെ കാര്യത്തിലും അങ്ങനെയാകണം. പക്ഷേ ചെന്നിത്തലയുടെ പേരിലോ രമേശ് ചെന്നിത്തലയെന്ന ബ്രാന്‍ഡിലോ മക്കള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ ഏറ്റവും പുതിയ പദവികളെ കുറിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. സംഘടനാ തലത്തില്‍ തന്നെക്കാള്‍ ഏറ്റവും ജൂനിയറായ കെ സി വേണുഗോപാലിനെയും ശശി തരൂരിനെയും പ്രവര്‍ത്തക സമിതിയിലുള്‍പ്പെടുത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ പദവിയാണ് തനിക്ക് കിട്ടിയത്. ഇതില്‍ കടുത്ത അനീതിയുണ്ടെന്നും പാര്‍ട്ടിയാണ് തനിക്ക് വലുതെന്ന നിലപാട് പല നഷ്ടങ്ങളും വരുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ അടുത്ത മാസം അഞ്ചിനാണ് രമേശ് ചെന്നിത്തലയുടെ പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്.