Kerala

കളമശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Spread the love

കളമശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം മാര്‍ട്ടിന്‍ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

24 മണിക്കൂറിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം. മാര്‍ട്ടിനെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ആളുകള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം.വളരെ ആസൂത്രിതമായി കൃത്യം നടത്താന്‍ ഒറ്റക്ക് മാര്‍ട്ടിന് എങ്ങനെ സാധിച്ചു എന്നതടക്കമുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.

സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററിലും, പ്രതിയുടെ തമ്മനത്തെ വീട്ടിലും, ഫേസ്ബുക്ക് ലൈവ് ചെയ്ത ഹോട്ടല്‍ മുറിയിലുമടക്കമെത്തിച്ച് തെളിവെടുപ്പും നടത്തും. ഇതിനായാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. നിലവില്‍ ലഭ്യമായ തെളിവുകള്‍ അനുസരിച്ച് മാര്‍ട്ടിന്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ് പറയുന്നത്. തെളിവുകളുടെയും കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.