Kerala

കളമശേരി സ്ഫോടനത്തിൽ ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞു

Spread the love

കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തിൽ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്. നാളെ മകൻ വന്നതിന് ശേഷം ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലയോണ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. എന്നാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സ്ഫോടനത്തിൽ ഇതുവരെ രണ്ടു പേരാണ് മരിച്ചത്.
തൊടുപുഴ സ്വദേശിനിയായ കുമാരി(53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവിൽ 18 പേരാണ് ഐസിയുവിലുള്ളത്. അവരിൽ 6 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്. സംഭവത്തിൽ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയിരുന്നു.