Kerala

വിദ്വേഷ പ്രചാരണം നടത്തുന്നത് കേന്ദ്രമന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

Spread the love

വിദ്വേഷ പ്രചാരണം നടത്തുന്നത് കേന്ദ്രമന്ത്രിയായാലും സംസ്ഥാന മന്ത്രിയായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർക്കെതിരെ കെപിസിസി പരാതിനൽകിയതിൻ്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ, എംവി ഗോവിന്ദൻ വിദ്വേഷ പ്രചാരണം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എം വി ഗോവിന്ദൻ ഏതെങ്കിലും വിധത്തിൽ വിദ്വേഷ പ്രചരണം നടത്തിയിട്ടില്ല. മറ്റവരെ മെല്ലെ സഹായിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. വർഗീയതക്ക് ഇവിടെ ഇടം ഇല്ലെന്ന് അടിവരയിട്ട് പറയേണ്ടതുണ്ട്. കേരളത്തിന്റെ സംസ്കാരത്തെ എല്ലാ അർത്ഥത്തിലും ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. നവകേരളത്തിന്റെ ഭാവി രൂപ രേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ട് 25 സെമിനാറുകൾ നടക്കും. ഏതാനും നേതാക്കൾ പങ്കെടുത്തില്ല എന്ന് കരുതി ജനങ്ങൾ പങ്കെടുക്കാതിരിക്കില്ല. കേരളീയത്തിൽ ഒരു ആശങ്കയും വേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരേഷ് ഗോപി വിഷയത്തിൽ പൊതുസമൂഹം വേണ്ടവിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. തെറ്റ് തിരിച്ചറിഞ്ഞത് കൊണ്ടാകാം അദ്ദേഹം മാപ്പ് പറഞ്ഞത്. മാധ്യമപ്രവർത്തകയ്ക്ക് വലിയ മനോവിഷമം ഉണ്ടായിട്ടുണ്ട്. സുരേഷ് ഗോപി മാപ്പ് പറഞ്ഞിട്ടും മാധ്യമപ്രവർത്തക പരാതിയുമായി മുന്നോട്ടുപോകുന്നത് അവരുടെ മനോവിഷമം മൂലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ കെപിസിസി പരാതിനൽകിയിരുന്നു. മതസ്പർദ്ധ വളർത്തും വിധം കുപ്രചരണം നടത്തിയെന്നാണ് പരാതി. പൊതു പ്രവർത്തകരുടെ വസ്തുതാപരാമർശം അന്വേഷിക്കണമെന്ന് പരാതിയിൽ കെപിസിസി ആവശ്യപ്പെട്ടു.

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോക്ടർ സരിൻ ആണ് പരാതി നൽകിയത്. എം വി ഗോവിന്ദനു പുറമേ ബിജെപി നേതാവ് സന്ദീപ് വാര്യർ, ഇടത് സഹയാത്രികൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. IPC 153 A ഉൾപ്പെടെ വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യം.

കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു.