Kerala

കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നത്, സംഭവത്തിൻ്റെ മറവിൽ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കണം; എസ്ഡിപിഐ

Spread the love

കളമശ്ശേരി സ്ഫോടനം ഞെട്ടിപ്പിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. മുൻവിധിയില്ലാതെ സത്യസന്ധമായ അന്വേഷണം നടക്കണം. സംഭവത്തിൻ്റെ മറവിൽ വിദ്വേഷ പ്രചാരണങ്ങളും നുണപ്രചാരണങ്ങളും നടത്തുന്നവരെ നിയന്ത്രിക്കാനും നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും സർക്കാരും പോലീസും തയ്യാറാവണം. കിംവദന്തികൾ പ്രചരിപ്പിച്ച് രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ കരുതിയിരിക്കണം. അതീവ ഗൗരവമുള്ള സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.

കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ തൃശൂർ കടകര സ്റ്റേഷനിൽ ഒരാൾ കീഴടങ്ങിട്ടുണ്ട്. സ്ഫോടനവുമായി ഇയാൾക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.

കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്. സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌‍കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തി.

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം. സംഭവത്തിൽ മരിച്ചത് ലിബിന എന്ന സ്ത്രീയാണ്.

പൊട്ടിത്തെറിയിൽ 35 പേർക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്.