Kerala

സ്‌ഫോടനത്തിന് മുന്‍പായി അമിതവേഗതയില്‍ പുറത്തേക്ക് പോയ കാര്‍ കണ്ടെത്താന്‍ പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

Spread the love

കളമശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം. ആദ്യഘട്ടത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് പുറത്തേക്ക് പോയ കാര്‍ കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് അമിതവേഗത്തില്‍ കാര്‍ പുറത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊച്ചി നഗരത്തിലെ പ്രധാനസ്ഥലങ്ങളിലെ സിസിടിവികളിലെല്ലാം കാറിന്റെ ദൃശ്യങ്ങള്‍ പൊലീസ് തിരഞ്ഞുവരികയാണ്.

കളമശേരി സ്‌ഫോടന പ്രത്യേകസംഘം അന്വേഷിക്കും. എഡിജിപി എം ആര്‍ അജിത്കുമാറാണ് സംഘത്തെ നയിക്കുക. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അക്ബര്‍, ആന്റി ടെററസിസ്റ്റ് സ്‌ക്വാഡ് മേധാവി , രണ്ട് ഡിഐജിമാരും സംഘത്തിലുണ്ട്. അഗ്നിബാധയുണ്ടാക്കുന്ന ലഘു സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച എന്‍ഐഎ, എന്‍എസ്ജി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യത തള്ളിയിട്ടില്ല.

നിലവില്‍ എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ സംഘവും സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ഐഇഡിയ്ക്ക് സമാനമായ അതിനേക്കാല്‍ പ്രഹരശേഷി കുറഞ്ഞ വസ്തു ഉപയോഗിച്ചെന്ന് പൊട്ടിത്തെറി നടന്നെന്നാണ് പ്രാഥമിക നിഗമനം. നടന്നത് ബോംബാക്രമണമെന്ന പ്രാഥമിക സംശയമാണ് നിലനില്‍ക്കുന്നത്.

രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.