Kerala

പകര്‍ച്ചപ്പനി വ്യാപകം; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ചെയ്യേണ്ടത്…

Spread the love

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നുവെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. പനി മാത്രമല്ല പനി ബാധിച്ച് മരണം സംഭവിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഏറെ ശ്രദ്ധ നാം പുലര്‍ത്തേണ്ടതുണ്ട്.

പകര്‍ച്ചപ്പനി, ഡെങ്കിപ്പനി എന്നിവയാണ് ഏറെ ഭീഷണി ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരു മരണം സംഭവിച്ചിരുന്നു. ഇതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. തിരുവനന്തപുരത്ത് മാത്രം പത്ത് ദിവസത്തിനിടെ മൂന്ന് മരണമാണ് പനിയെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. ഇക്കൂട്ടത്തില്‍ എലിപ്പനിയും വില്ലനായി വരുന്നുണ്ട്.

സെപ്തംബര്‍ മാസത്തില്‍ മാത്രം സംസ്ഥാനത്ത് 1697 ഡെങ്കിപ്പനി കേസുകളാണത്രേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്ന് മരണവും സംഭവിച്ചു. എലിപ്പനി ബാധിച്ചവരുടെ എണ്ണം ഡെങ്കു കേസുകളെ താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെങ്കില്‍ പോലും മരണത്തിന്‍റെ തോത് കൂടുതലാണ്.

പനി ബാധിച്ചുകഴിഞ്ഞാലും സമയത്തിന് ചികിത്സ തേടാത്തതും വേണ്ട പരിശോധനകള്‍ നടത്തി ഏതുതരം പനിയാണ് ബാധിച്ചതെന്ന് മനസിലാക്കാതെ വരികയും ചെയ്യുന്നതാണ് പല കേസുകളിലും തിരിച്ചടിയാകുന്നത്.

ചില ലക്ഷണങ്ങള്‍ ആദ്യമേ നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ജലദോഷം, ശരീരത്തിന് തളര്‍ച്ച, ഒപ്പം പനി എന്നിവയാണ് ഇതിലേറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഈ ലക്ഷണങ്ങള്‍ പൊതുവില്‍ പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയിലെല്ലാം വരുന്നതാണ്.

അങ്ങനെയെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഉടനടി അടുത്തുള്ള ആശുപത്രികളിലോ ക്ലിനിക്കുകളിലോ പോകുകയാണ് വേണ്ടത്. ഒരിക്കലും പനിയോ ജലദോഷമോ കണ്ടാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ നിങ്ങള്‍ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ പോയി മരുന്ന് വാങ്ങി കഴിക്കരുത്. പലരും ഇത് ചെയ്യുന്നുണ്ട്. മറിച്ച് ഈ ലക്ഷണങ്ങള്‍ കാണുന്നയുടൻ തന്നെ വൈകാതെ ചികിത്സ തേടി ആശുപത്രിയില്‍ എത്തുക.

രക്തം പരിശോധിക്കുന്നതിലൂടെ ഏത് തരം പനിയാണെന്ന് കണ്ടെത്താൻ സാധിക്കും. പനി ബാധിച്ച് രണ്ടുമൂന്ന് ദിവസം കഴിയുന്നതോടെ തന്നെ ലക്ഷണങ്ങളിലെ വ്യത്യാസം കൊണ്ട് ഏത് തരം പനിയാണെന്ന് മനസിലാക്കാൻ സാധിക്കും. എങ്കിലും ഇതിന് വേണ്ടി കാത്തുനില്‍ക്കുകയേ അരുത്.

വീട്ടില്‍ പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹമുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ക്യാൻസര്‍ പോലെ മറ്റ് രോഗങ്ങളുള്ളവര്‍, ആസ്തമ രോഗികള്‍ എന്നീ വിഭാഗക്കാരുണ്ടെങ്കില്‍ കൂടുതലായി ശ്രദ്ധിക്കണം. കാരണം ഇവരിലെല്ലാം രോഗബാധയും എളുപ്പം സംഭവിക്കാം, അതുപോലെ രോഗതീവ്രതയും ഉയരാം.

പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാല്‍ അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം മാത്രം കഴിക്കുക. കഴിയുന്നതും ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് കൃത്യമായും ധരിക്കുക. ആര്‍ക്കെങ്കിലും പനി ബാധിച്ചാല്‍ അത് മറ്റുള്ളവരിലേക്ക് – അത് വീട്ടിലെ അംഗങ്ങളായാല്‍ കൂടി – പകരാതിരിക്കാനുള്ള മുൻകരുതല്‍ ഓരോരുത്തരും ചെയ്യേണ്ടതുണ്ട്. ഈ ജാഗ്രതയാണ് നമ്മെ രക്ഷിക്കുകയെന്ന് മനസിലാക്കാം.