Monday, January 27, 2025
World

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തകര്‍ന്നു

Spread the love

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ഗസ്സയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഗസ്സ നഗരത്തില്‍ ഉടനീളം ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായത്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരുകയും ഇന്റർനെറ്റ് സംവിധാനം താറുമാറാവുകയും ചെയ്തു. ഹമാസിന്റെ ഭൂഗർഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. കരയുദ്ധം വ്യാപിപ്പിക്കുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

ഇന്ധനവും ഭക്ഷണവും ഉള്‍പ്പെടെ വിലക്കപ്പെട്ടതിന് പിന്നാലെയാണ് ഗസ്സയെ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് വാർത്താവിനിമയ സംവിധാനങ്ങൾ പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റവരെ ആശുപത്രിയില്‍ ഉള്‍പ്പെടെ എത്തിക്കാനാകുന്നില്ല. ആശുപത്രികളില്‍ ഉള്‍പ്പെടെ മൊബൈല്‍, ഇന്‍റര്‍നെറ്റ് ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടത് ചികിത്സ നല്‍കുന്നതിന് ഉള്‍പ്പെടെ തടസമുണ്ടാക്കുകയാണ്.

കര വഴിയുള്ള സൈനിക നീക്കം ഇന്ന് രാത്രി മുതല്‍ ശക്തമാക്കാനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഗാസ നഗരത്തില്‍ ഇതുവരെ കാണാത്ത കനത്ത വ്യോമാക്രണം ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.