പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയത്; എം വി ഗോവിന്ദൻ
പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് പിന്നാലെ എംവി ഗോവിന്ദൻ ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ പ്രണയം യാഥാത്ഥ്യമാകട്ടെയന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണ്. ശശി തരൂർ ശ്രമിക്കുന്നത് വർഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണ്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
സംസ്ഥാനത്തെ രണ്ട് ജെഡിഎസ് എംഎൽഎമാരും തങ്ങളുടെ എൻഡിഎ മുന്നണിയിൽ ചേരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ഇരുവരും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജെഡിഎസ് എന്ന നിലയിൽ സ്വതന്ത്ര നിലപാടെടുത്ത് നിൽക്കാൻ അവർക്ക് സാധിക്കില്ല. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.