Tuesday, January 7, 2025
World

ഗസ്സയിൽ റൊട്ടി ക്ഷാമം രൂക്ഷം; ബേക്കറികൾ ഉന്നം വെച്ച് ഇസ്രായേൽ ആക്രമണം

Spread the love

അതിര്‍ത്തി കടന്നുള്ള കരയുദ്ധം ഇസ്രേയേല്‍ രൂക്ഷമാക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ തങ്ങളുടെ മുന്നില്‍ ഇപ്പോള്‍ ഒരു സാധ്യതയുമില്ലെന്ന് ഉറപ്പിക്കുകയാണ് ഗസ്സയിലെ ജനത. വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുമെന്നും പരുക്കേല്‍ക്കുമെന്ന ഭീതിദമായ സാധ്യത മാത്രമല്ല തങ്ങള്‍ വിശന്നും ദാഹിച്ചും മരിച്ചുപോകുമെന്ന അവസ്ഥ കൂടി മുന്നിലുണ്ടെന്ന് പറയുകയാണ് ജനങ്ങള്‍. ഒരു കീറ് ബ്രെഡിന് വേണ്ടി മണിക്കൂറുകള്‍ കാത്തുനില്‍ക്കാന്‍ വിധിക്കപ്പെട്ട തങ്ങളെ ഏത് വിധത്തിലും തകര്‍ക്കാനുറച്ച് ബേക്കറികള്‍ ഇസ്രയേല്‍ സൈന്യം വ്യാപകമായി തകര്‍ക്കുന്നുണ്ടെന്നാണ് ഗസ്സന്‍ ജനതയുടെ ആരോപണം. മോണ്‍ഡോവിസ് മാധ്യമത്തിന് വേണ്ടി താരിഖ് എസ് ഹജ്ജാജ് ഗസ്സയില്‍ നിന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളുള്ളത്.

കുടിക്കാന്‍ തെളിഞ്ഞ വെള്ളവും കഴിക്കാന്‍ ധാന്യപ്പൊടികളും തീര്‍ന്നുകൊണ്ടിരിക്കുന്ന ഗാസയില്‍ ഓരോ സ്ലൈസ് റൊട്ടിയ്ക്കും വേണ്ടി ബേക്കറികള്‍ക്ക് മുന്നില്‍ വലിയ പിടിവലികളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എട്ട് മണിക്കൂറോളം ക്യൂ നിന്നാലേ ചിലപ്പോള്‍ ഒരു കഷ്ണം ബ്രെഡ് കിട്ടൂ. പല വീടുകളിലും വിശന്ന് പൊരിഞ്ഞ് എട്ട് വയറുകളോളമുണ്ടാകും. മരണത്തെ ഓരോ ദിവസവും തള്ളിയകറ്റാന്‍ പാടുപെടുന്ന ജനങ്ങള്‍ ഓരോ കീറ് ബ്രെഡിനും വേണ്ടി പിടിവലിയാകും. സുരക്ഷിതമെന്ന് അറിയിച്ച സ്ഥലങ്ങളിലുള്ള ബേക്കറികളിലാണ് ജനങ്ങള്‍ ഇത്തരത്തില്‍ റൊട്ടിയ്ക്കായി ക്യൂ നില്‍ക്കുന്നത്. എന്നാല്‍ അതൊരു ട്രാപ്പായിരുന്നുവെന്ന് ആളുകള്‍ വളരെ വേഗം തിരിച്ചറിഞ്ഞു. പ്രദേശത്തെ ബേക്കറികള്‍ ഉന്നെവച്ച് ഇസ്രയേല്‍ ആക്രമണമുതിര്‍ത്തു. പല ബേക്കറികളും തകര്‍ന്നുവീണു. വിശപ്പ് സഹിക്കാതെയും പ്രീയപ്പെട്ടവരുടെ വിശപ്പ് കണ്ടുനില്‍ക്കാന്‍ സാധിക്കാതെയും പലരും മരിക്കുമെന്ന് ഉറപ്പിച്ച് തന്നെ വീണ്ടും ബേക്കറികളിലേക്ക് യാത്ര ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗസ്സയിലേക്ക് മാനുഷിക സഹായങ്ങള്‍ കടത്തിവിടുന്നവര്‍ തന്നെ വിശപ്പടക്കാനായി പാവപ്പെട്ടവര്‍ മണിക്കൂറുകള്‍ വരിനില്‍ക്കുന്ന ബേക്കറികള്‍ ഉന്നംവച്ച് ആക്രമണം നടത്തുകയാണെന്ന് ഗാസന്‍ ജനത പറയുന്നു. നുസെറാത്ത് ക്യാമ്പിളുള്ളവര്‍ക്ക് സഹായമെത്തിക്കുന്നതിനായി യുഎന്‍ആര്‍ഡബ്ല്യുവില്‍ നിന്ന് ധാന്യപ്പൊടികള്‍ ലഭിച്ച ഒരു ബേക്കറി കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടതായി ഗസ്സയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗസ്സയിലെ ജനതയെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ബേക്കറികള്‍ ലക്ഷ്യംവച്ച് ആക്രമണം നടത്തുന്നതെന്നും ബേക്കറി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതില്‍ ഒരു ഹമാസ് നേതാവുമില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

ബേക്കറികളെ ഉന്നമിട്ടുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മരണഭീതിയില്‍ ബേക്കറികള്‍ പലതും ഉടമകള്‍ അടയ്ക്കുകയാണ്. തുറന്നിരിക്കുന്ന ബേക്കറികളില്‍ ജനങ്ങളുടെ വലിയ തിരക്കുമാണ് അനുഭവപ്പെടുന്നത്. തന്റെ ചെറിയ ബേക്കറിയ്ക്ക് മുന്നില്‍ മാത്രം 500 പേര്‍ ക്യൂ നില്‍ക്കുന്നതായി ഗസ്സയിലെ അല്‍ ഖോലി അല്‍ അബ്ബാസ് ബേക്കറിയില്‍ ജോലി ചെയ്യുന്ന സ്മീല്‍ അബു സോര്‍ എന്നയാള്‍ പറഞ്ഞതായി ദി നാഷണല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ വെറും പത്ത് ബേക്കറികള്‍ മാത്രമാണ് ഇവിടെ തുറന്നിട്ടുള്ളതെന്നും സ്ഥിതിഗതികള്‍ തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറയുന്നു. വെളുപ്പിന് നാല് മണി മുതല്‍ വൈകീട്ട് ഒന്‍പത് മണി വരെ മരണഭീതിയിലും തിക്കിതിരക്കിനും അടിപിടികള്‍ക്കും നടുവില്‍ കട തുറന്നിരിക്കേണ്ടി വരുന്ന ഗതികേടാണ് ഗസ്സയിലെ ബേക്കറി ഉടമകള്‍ക്ക് പറയാനുള്ളത്. ആക്രമണത്തെ അതിജീവിച്ച് ബേക്കറികള്‍ തുറന്നാലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവിധ ഭക്ഷണങ്ങളും തീരുമെന്നും ഗസ്സ മുഴുപ്പട്ടിണിയിലേക്ക് നീങ്ങുമെന്നും കടക്കാര്‍ പറയുന്നു.