വിനായകന് മദ്യപിച്ചു കഴിഞ്ഞാല്‍ കുറച്ച് കുഴപ്പമാണ്; അസഭ്യം പറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കും’; കൊച്ചി DCP
മദ്യപിച്ചു കഴിഞ്ഞാല്‍ വിനായകന് കുറച്ചു കുഴപ്പമാണെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്. വിനായകനെതിരെ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയതെന്ന് ഡിസിപി വ്യക്തമാക്കി. സ്റ്റേഷനില്‍ അസഭ്യം പറഞ്ഞിട്ടുണ്ടോ എന്ന് വീഡിയോ പരിശോധിച്ചു നോക്കണം. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണ് സ്റ്റേഷനിലെത്തിയതെന്ന് ഡിസിപി പറഞ്ഞു. നേരത്തെയും വിനായകന് പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന് ഡിസിപി വ്യക്തമാക്കി.
പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പ് ചേര്‍ക്കുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. വിനായകന് അനുകൂലമായി ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും ഏഴു വര്‍ഷത്തിന് താഴെ ശിക്ഷ കിട്ടുന്ന വകുപ്പായതുകൊണ്ടാണ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതെന്നും ഡിസിപി പറഞ്ഞു. അതേസമയം മെഡിക്കല്‍ പരിശോധന നടത്തിയെന്ന് പറയുമ്പോഴും മദ്യപിച്ചോ തുടങ്ങിയ കാര്യങ്ങളില്‍ രക്തപരിശോധന ഫലങ്ങള്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി എത്തി ഇന്നലെയാണ് വിനായകന് പ്രശ്നമുണ്ടാക്കിയത്. സംഭവത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
വിനായകനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതിനെതിരെ ഉമാ തോമസ് എംഎല്‍എ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ സഖാവ് എന്ന പ്രിവിലേജ് വിനായകന് കിട്ടുന്നുണ്ടെന്ന് ഉമാ തോമസ് ചോദിച്ചു. തെറ്റ് ചെയ്യുന്നത് വിഐപി അല്ല ആരാണെങ്കിലും അവന് ശിക്ഷിക്കപ്പെടണം.വഴിയരികില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്യുന്ന യുവാവിനെതിരെ കേസെടുക്കുന്ന പൊലീസ്, പൊലീസ്സ്റ്റേഷനില്‍ ഒരാള്‍ മദ്യപിച്ച് കടന്നുവന്ന് പൊലീസിനോട് കയര്‍ത്ത് അസഭ്യം പറഞ്ഞ് കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി മടങ്ങുമ്പോള്‍ അത് ജാമ്യമില്ലാ വകുപ്പാണോയെന്നും എംഎല്‍എ ചോദിച്ചു.