യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും
ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും സിയുമാണ് സ്ഥിരീകരിച്ചത്. കാണ്‍പൂരിലെ ലാല ലജ്പത് റായി ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് വൈറസ് ബാധ.
രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് വൈറസ് ബാധയ്ക്ക് കാരണം. തലസീമിയ രോഗത്തെ തുടര്‍ന്നാണ് 14 കുട്ടികള്‍ രക്തം സ്വീകരിച്ചത്. ആറ് മുതല്‍ പതിനറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗബാധ. സംഭവം ഏറെ ആശങ്കാജനകമാണെന്ന് ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ അരുണ്‍ ആര്യ പറഞ്ഞു. ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തിലേക്കും എച്ച്‌ഐവി രോഗികളെ കാണ്‍പൂരിലെ റഫറല്‍ സെന്ററിലേക്കും റഫര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതരായ കുട്ടികളില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേര്‍ക്ക് എച്ച്‌ഐവിയും സ്ഥിരീകരിച്ചതായി ആശുപത്രി സ്ഥിരീകരിക്കുന്നു. കാണ്‍പൂര്‍ സിറ്റി, ദേഹത്ത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍.