മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഐഎമ്മിന്റെ ക്യാപ്സൂൾ ; കെ. സുരേന്ദ്രൻ
മാസപ്പടിയായി വാങ്ങിയ പണത്തിന് വീണാ വിജയൻ നികുതി അടച്ചെന്നത് സിപിഐഎമ്മിന്റെ ക്യാപ്സൂൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎംആർഎല്ലും വീണയുടെ കമ്പനിയായ എക്സലോജികുമായുള്ള ഇടപാടിൽ വീണ തയ്ക്കണ്ടി എന്തിനാണ് ജിഎസ്ടി അടയ്ക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. രണ്ട് കമ്പനികൾ തമ്മിലുള്ള നിയമാനുസൃതമായ ഇടപാടാണെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞത്. അങ്ങനെയയെങ്കിൽ എന്തുകൊണ്ടാണ് കമ്പനി നികുതി അടയ്ക്കാത്തതെന്ന് സിപിഎം വ്യക്തമാക്കണം.
മാസപ്പടിയായി വാങ്ങിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് രേഖയിൽ എവിടെയും പറയുന്നുമില്ല. കൈക്കൂലിക്ക് നികുതി അടയ്ക്കാനാവില്ലെന്ന് ഇനിയെങ്കിലും സിപിഎമ്മുകാർ മനസിലാക്കണം. സിഎംആർഎല്ലിൽ നിന്നും വീണ പണം വാങ്ങിയത് അവരുടെ ജിഎസ്ടി രജിസ്ട്രേഷന് മുമ്പാണ്.
അപ്പോൾ അവർക്ക് അതിന് മുമ്പ് വാങ്ങിയ പണത്തിന് എങ്ങനെയാണ് ജിഎസ്ടി അടയ്ക്കാൻ സാധിക്കുകയെന്ന് മനസിലാകുന്നില്ല. സംസ്ഥാന ധനവകുപ്പ് പിണറായി വിജയന്റെ കൊള്ളയ്ക്ക് കുടപിടിക്കുകയാണ്. പാവപ്പെട്ടവരെ നികുതി ഭാരം അടിച്ചേൽപ്പിച്ച് പിഴിയുന്ന ധനവകുപ്പ് കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും വഴിവിട്ട സഹായമാണ് ചെയ്യുന്നത്. ട
മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ശ്രമിച്ച് സർക്കാർ കൂടുതൽ കൂടുതൽ കുടുക്കിലേക്കാണ് പോവുന്നത്. ജനം വെള്ളക്കെട്ടിൽ വലയുമ്പോൾ സർക്കാർ കോടികൾ ധൂർത്തടിച്ച് കേരളീയം നടത്തുകയാണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലല്ല മറിച്ച് മുഖ്യമന്ത്രിയുടെ പേരിൽ രാജ്യാന്തര ടെന്നീസ് ടൂർണമെന്റ് നടത്തുന്നതിലാണ് സർക്കാരിന് താത്പര്യമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.