Sunday, January 19, 2025
Latest:
National

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു

Spread the love

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 1967 നും 1979 നും ഇടയിൽ ഇന്ത്യക്കായി 67 ടെസ്റ്റുകൾ കളിച്ച ഇതിഹാസ സ്പിന്നർ 266 വിക്കറ്റുകൾ വീഴ്ത്തി. 10 ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയൻ സ്പിന്നർമാരിൽ ഒരാളായിരുന്നു ബേദി.

എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ് വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ബേദിയും ഇന്ത്യയുടെ സ്പിൻ ബൗളിംഗ് ചരിത്രത്തിലെ ഒരു കാലഘട്ടത്തിലെ വിപ്ലവത്തിന്റെ ശില്പിയായിരുന്നു. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തിൽ പങ്കാളിയായിരുന്നു. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരായ ജയമായിരുന്നു അത്.

1946 സെപ്തംബർ 25-ന് അമൃത്സറിൽ ആണ് ബേദി ജനിച്ചത്. 1971-ൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തിൽ അജിത് വഡേക്കറുടെ അഭാവത്തിൽ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു. അമൃത്‍സറിൽ ജനിച്ച ബിഷൻ സിങ് ബേദി ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടിയാണ് കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരമാണ് ബേദി. 370 മത്സരങ്ങളിൽനിന്ന് 1560 വിക്കറ്റുകൾ ബേദി വീഴ്ത്തിയിട്ടുണ്ട്.

ബേദിയുടെ കീഴീൽ ഡൽഹി രണ്ടു തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്.വിരമിച്ച ശേഷം പരിശീലകനായും മെന്ററായും ക്രിക്കറ്റിൽ തുടർന്നു. 1990ൽ ഇന്ത്യയുടെ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ടീം മാനേജറായിരുന്നു. ദേശീയ സെലക്ടറുമായിട്ടുണ്ട്. കമന്റേറ്ററായും പ്രവർത്തിച്ചിരുന്നു.