Kerala

കഴുത്തിൽ പെരുമ്പാമ്പുമായി മദ്യപൻ പെട്രോൾ പമ്പിൽ; ജീവനക്കാരുടെ സാഹസിക ഇടപെടലിൽ ജീവൻ രക്ഷപ്പെടുത്തി

Spread the love

കണ്ണൂർ വളപട്ടണത്ത് കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയ ആളെ സാഹസികമായി രക്ഷപെടുത്തി പെട്രോൾ പമ്പ് ജീവനക്കാർ. വ്യാഴാഴ്ച രാത്രിയോടെ പാമ്പ് കഴുത്തിൽ ചുറ്റിയ നിലയിൽ ഇയാൾ പമ്പിലെത്തുകയായിരുന്നു. പാമ്പ് എങ്ങനെയാണ് ഇയാളുടെ കഴുത്തിൽ ചുറ്റിയതെന്ന് വ്യക്തമല്ല. പമ്പിലെത്തിയ ഉടനെ ഇയാൾ നിലത്തേക്ക് വീണു.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും പമ്പ് ജീവനക്കാർ ഉടൻ തന്നെ ചാക്ക് എടുത്ത് പാമ്പിനെ കഴുത്തിൽ നിന്ന് വേർപെടുത്തി.വളപട്ടണം പുഴയുടെ സമീപത്താണ് സംഭവം നടന്നത്. ഇതിന് സമീപത്ത് നിന്ന് പാമ്പ് കഴുത്തിൽ കുടുങ്ങിയതാവാമെന്നാണ് നിഗമനം. മദ്യപിച്ച ശേഷം പാമ്പിനെ സാഹസികതയ്ക്കായി ഇയാൾ തന്നെ കഴുത്തിൽ ചുറ്റിയതാണോ അതോ പാമ്പ് തനിയെ കയറിയതാണോ എന്ന് വ്യക്തമല്ല.

പെരുമ്പാമ്പിന്റെ വായ കൈകൊണ്ട് മുറുകെ പിടിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെത്തുന്നത്. വാലു കൊണ്ട് പാമ്പ് കഴുത്തിൽ മുറുകെ ചുറ്റുകയും ചെയ്തിരുന്നു. പാമ്പിന്റെ പിടിയിൽ മധ്യവയസ്‌കന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, ശ്വാസം കിട്ടാതെ അപകടരമായ നിലയിലായിരുന്നു ഇയാൾ. നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു. പാമ്പിനെ വേർപെടുത്തിയ ഉടനെ തന്നെ ഇയാൾ സ്ഥലം വിട്ടതായാണ് പമ്പ് ജീവനക്കാർ അറിയിക്കുന്നത്.