Kerala

മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പം, പുറത്തു നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാൻ; പി.എം.എ സലാം

Spread the love

മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പമെന്ന് പിഎംഎ സലാം.
പുറത്തു നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാനാണ്. ജെഡിഎസിനെ മന്ത്രിസഭയിൽ നിന്ന് മാറ്റാൻ സിപിഐഎം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യ മുന്നണിയിൽ നിന്നും സിപിഐഎമ്മിനെ പുറത്താക്കുന്ന കാര്യം ഗൗരവതരമായി ആലോചിക്കണം. കേരളത്തിൽ പിണറായി വിജയൻ ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയിൽ ഉള്ളവർക്ക് മന്ത്രി സഭയിൽ പ്രാതിനിധ്യം നൽകിയാനിന്നും പിഎംഎ സലാം ആരോപിച്ചു.

മുസ്ലിം ലീഗും നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ദേവഗൗഡ ചില്ലറക്കാരനല്ല,മുൻ പ്രധാനമന്ത്രിയാണ്. കേരളത്തിന് പുറത്ത് എൻ ഡി എ മുന്നണിയിലും കേരളത്തിനകത്ത് ഇടത് മുന്നണിയിലും, സിപിഐഎം ഒരേ സമയം ഇന്ത്യ മുന്നണിയിലും എൻഡിഎയിലും ഭാഗമായിരിക്കുന്നുന്നു. മുന്നണിയിൽ നിന്നും സിപിഐഎമ്മിനെ പുറത്താക്കുന്ന കാര്യം ആലോചിക്കണമെന്ന് പി എം എ സലാം കൂട്ടിച്ചേർത്തു.

കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയാണെന്ന് എച്ച് ഡി ദേവഗൗഡവെളിപ്പെടുത്തിയിരുന്നു. പിണറായി പൂർണസമ്മതം നൽകി,ഇക്കാരണത്താലാണ് പിണറായി സർക്കാരിൽ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാർട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാർത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തിയത്.

തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.