Sports

കോലി കരുത്തില്‍ ഇന്ത്യ; ബംഗ്ലാദേശിനെ തകര്‍ത്തത് 7 വിക്കറ്റിന്

Spread the love

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 257 റണ്‍സ് വിജയലക്ഷ്യം 51 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. വിരാട് കോലി കളിയില്‍ സെഞ്ച്വറി നേടി. കോലിയുടെ 103 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ നാലാം ജയത്തിലേക്ക് നടന്നടുത്തത്. 53 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയും കളിയില്‍ നിര്‍ണായകമായി. ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുണ്ടാക്കി ഗില്ലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സ് അകലെയാണ് രോഹിത് വീണത്. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ 19 റണ്‍സ് നേടി പുറത്തായെങ്കിലും 34 റണ്‍സ് നേടി കോലിയ്‌ക്കൊപ്പം പുറത്താകാതെ നിന്നു കെ എല്‍ രാഹുല്‍.

കരിയറിലെ 78-ാം സെഞ്ച്വറിയാണ് കോലി ഇന്ന് നേടിയത്. 48-ാം ഏകദിന സെഞ്ച്വറി നേട്ടത്തിലൂടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏകദിനത്തില്‍ 49 സെഞ്ച്വറികളെന്ന നേട്ടത്തിന് അരികിലെത്തി കോലി. അതിവേഗത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 26000 റണ്‍സ് നേടിയ താരമായും ഇന്നത്തെ മത്സരത്തിലൂടെ കോലി മാറി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 256 റണ്‍സ് ആണ് നേടിയത്. 66 റണ്‍സ് നേടിയ ലിറ്റന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും 2 ജസ്പ്രീത് ബുംറയും വിക്കറ്റ് വീതം വീഴ്ത്തി.

തകര്‍പ്പന്‍ തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചത്. തന്‍സിദ് ഹസനും ലിറ്റന്‍ ദാസും ചേര്‍ന്ന് ബംഗ്ലാദേശിനെ അനായാസം മുന്നോട്ടുനയിച്ചു. ബുംറയെയും സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ബംഗ്ലാദേശ് പിന്നീട് സ്‌കോറിംഗ് നിരക്ക് ഉയര്‍ത്തുകയായിരുന്നു. ബൗളിംഗ് ചേഞ്ചുമായെത്തിയ ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് പന്ത് മാത്രം എറിഞ്ഞ ഹാര്‍ദികിന്റെ ആ ഓവര്‍ വിരാട് കോലിയാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവരൊക്കെ ബംഗ്ലാദേശ് ശിക്ഷിച്ചു. ബുംറ ഒഴികെ മറ്റ് ബൗളര്‍മാര്‍ക്കെല്ലാം തല്ല് കിട്ടി.